കോട്ടയം: കോടികളുടെ പദ്ധതിയുണ്ടെങ്കിലും സാങ്കേതികത്വത്തിൽ തട്ടി കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടകം പ്രദേശത്തെ 13 വാർഡുകാർ. കിഫ്ബി ഫണ്ടിൽ നിന്നുള്ള 22 കോടിയുടെ പദ്ധതി നൂലാമാലകളിൽ കുടുങ്ങി അപൂർണമായി കിടക്കുതിനാൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടാണ് ഇവർക്ക്.

ദേശീയപാതയിലൂടെ പൈപ്പ് ഇടാനുളള അനുമതി ലഭിക്കാത്തതിന്റെ പേരിലാണ് രണ്ടു വർഷമായി പദ്ധതി പ്രവർത്തനങ്ങൾ വൈകുന്നത്. മന്ത്രിതലത്തിൽ പ്രശ്‌നം ഉയർത്തിയിട്ടും പരിഹാരമില്ല.

35 വർഷം മുന്നേ നാട്ടകത്ത് സ്ഥാപിച്ച കൂറ്റൻ ജലസംഭരണിയിൽ പേരൂരിലെ പമ്പ് ഹൗസിൽ നിന്ന് ടാങ്കിൽ വെളളമെത്തിച്ചാണ് നാട്ടകം മേഖലയിൽ ജലവിതരണം നടത്തുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ ആവശ്യത്തിനുള്ള വെള്ളം എത്തിക്കാൻ കഴിയുന്നില്ല. കളക്ടറേറ്റിനടുത്ത ഓവർഹെഡ് ടാങ്കിൽ നിന്ന് കൂടുതൽ വെളളമെത്തിച്ച് ജലവിതരണം നടത്താൻ തീരുമാനിച്ചാണ് കിഫ്ബി പദ്ധതി പ്രകാരം പുതിയ പൈപ്പ് ലൈന്റെ പണി തുടങ്ങിയത്. പൈപ്പിടൽ പാതിവഴിയിൽ എത്തിയപ്പോൾ ദേശീയപാത മുറിച്ച് വേണം പൈപ്പിടാനെന്ന് ജല അതോറിറ്റിക്ക് മനസിലായി. ദേശീയപാത അതോറിറ്റിയാകട്ടെ റോഡ് കുഴിക്കാൻ അനുമതി നൽകുന്നില്ല.

 ടാങ്കർ വെള്ളം ശരണം

ടാങ്കർ ലോറിക്ക് ദിവസവും പണം കൊടുത്ത് വെള്ളം വാങ്ങിയാണ് നാട്ടകം ,മറിയപ്പള്ളി മേഖലയിലുള്ളവർ ഉപയോഗിക്കുന്നത്. പഴയ കെ.കെ.റോഡിലും കോടിമത, മണിപ്പുഴ, മറിയപ്പള്ളി ഭാഗത്തും 600 എം.എം വ്യാസമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുവാദം നൽകിയാൽ പ്രശ്നം പരിഹരിക്കാം. നിലവിൽ 12കോടി രൂപ ചെലവഴിക്കുകയും ചെയ്തു.

ഗുരുതര പ്രശ്നം

നാട്ടകം ടാങ്കിൽ നിന്ന് വെള്ളംകിട്ടാത്തതതിനാൽ കണക്ഷൻ വിച്ഛേദിച്ചു

 ടാങ്കർ ലോറിക്ക് ദിവസം കൊടുക്കുന്നത് 500 രൂപ വരെ

 വരൾച്ച കൂടുന്നതോടെ കൂടുതൽ പ്രതിസന്ധി

'' എല്ലാവർക്കും പരാതി നൽകി. 30 മുതൽ 44 വരെയുള്ള വാർഡുകാർക്കാണ് പ്രശ്നം. പ്രതിസന്ധി പരിഹരിക്കാൻ ജനകീയ കൂട്ടായ്മ ഇന്ന് രാവിലെ 10.30ന് മറിയപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും'' ഷാനവാസ് ,ആക്ഷൻ കൗൺസിൽ സെക്രട്ടറി