
കോട്ടയം : കൊടുംചൂടിൽ ആകെ വലഞ്ഞുപോകുകയാണ്. താപനില ചരിത്രത്തിലാദ്യമായി 40 ലെത്തുമോയെന്നാണ് ആശങ്ക. പകൽ താപനിലയിൽ മൂന്നു ഡിഗ്രിയുടെ വരെ വർദ്ധനയാണ് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ മാസം മുതൽ ജില്ലയിലെ ഉയർന്ന പകൽ താപനില 34 ഡിഗ്രിയ്ക്ക് മുകളിലാണ്. ഏതാനും വർഷങ്ങളായി ജില്ലയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന മാസം മാർച്ചാണ്. ഒമ്പതു വർഷമായി ചൂട് ഉയരുന്ന പ്രവണതയും കാണിക്കുന്നുണ്ട്. 2018 മുതൽ തുടർച്ചയായ വർഷങ്ങളിൽ മാർച്ചിൽ ചൂട് 38 ഡിഗ്രിയ്ക്ക് മുകളിൽ വരാറുണ്ട്. അന്തരീക്ഷ ആർദ്രത താഴ്ന്നതും, വീശുന്ന വരണ്ട കിഴക്കൻകാറ്റുമാണ് ചൂട് കൂടാൻ കാരണമായി പറയുന്നത്. കനത്ത ചൂടു സൃഷ്ടിക്കുന്ന സൂര്യാതപത്തിനും സാദ്ധ്യതയുണ്ട്. ശരീരം ചുവന്നു തടിക്കുക, നാഡിമിടിപ്പ് കുറയുക, ശക്തിയായ തലവേദനയും തലകറക്കവും എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. നേരിട്ടു വെയിൽ ഏൽക്കുന്നവരുടെ പുറംഭാഗം, മുഖം, നെഞ്ച്, കഴുത്തിന്റെ പിൻവശം, കൈകാലുകൾ എന്നിവിടങ്ങൾ ചുവന്ന് തടിച്ചു പൊള്ളലേൽക്കും.
അസുഖങ്ങളെ പേടിക്കണം
മൂത്രത്തിൽ കല്ല്, അണുബാധ, നിർജലീകരണം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യതയേറെയാണ്. കുടിവെള്ളത്തിന്റെ അളവ് ഇരട്ടിയാക്കണം. ഉച്ചനേരങ്ങളിൽ സൂര്യന്റെ ചൂട് നേരിട്ടേൽക്കുന്നത് ഫംഗസ് ബാധയ്ക്കും ചൂടുകുരുവിനും കാരണമാകും.
പൊലീസുകാരുടെ കാര്യം കഷ്ടം
ട്രാഫിക് നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകളുടയും പൊലീസുകാരുടെ കാര്യമാണ് കഷ്ടം. വെയിലേറ്റ് കൈയുടെ ഭാഗം കരിപോലെ കറുത്തു. അതേസമയം ഗതാഗത നിയന്ത്രണം വെല്ലുവിളിയാകുമെന്നതിനാൽ ട്രാഫിക് പൊലീസ് വിഭാഗങ്ങൾക്ക് രേഖാമൂലം ഇത്തരം നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. ഹോട്ടലുകൾക്ക് മുന്നിലെ സെക്യൂരിറ്റിമാർ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലെ ജീവനക്കാർ തുടങ്ങിയവരും ചൂടിൽ വലയുകയാണ്.
'' ചൂട് കൂടുന്നെങ്കിലും ഉഷ്ണ തരംഗത്തിനുള്ള സാദ്ധ്യത ഇപ്പോൾ കാണുന്നില്ല. മുറ്റത്ത് നിന്ന് കോൺക്രീറ്റ് ടൈലുകൾ മാറ്റി മണ്ണ് വിരിച്ചാൽ നാല് ഡിഗ്രിവരെ ചൂട് കുറയ്ക്കാൻ കഴിയും. കോൺക്രീറ്റ് നിർമാണങ്ങൾ കൂടുതലുള്ള സ്ഥലത്താണ് ചൂട് കൂടുതൽ. ''
ശാസ്ത്ര നിരീക്ഷകർ
ഇന്നലെ രേഖപ്പെടുത്തിയത് 36 ഡിഗ്രി