ty

കോട്ടയം : സമ്പൂർണ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പ് ചൂട് കോട്ടയം മണ്ഡലത്തെ പൊളിച്ചു തുടങ്ങി. ഇന്നലെ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ തിരുനക്കര മൈതാനത്ത് ഇന്നും യു.ഡി.എഫ് കൺവെൻഷൻ നാളെയും തുടങ്ങും. രണ്ട് ദിവസത്തിനുള്ളിൽ എൻ.ഡി.എയുടെ കോട്ടയത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ഇന്ന് രാവിലെ 10ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നാളെ വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കും.

തിരഞ്ഞെടുപ്പിന് മുന്നേ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയ ഇടത് വലത് മുന്നണികൾ പ്രചാരണത്തിൽ മുന്നിലെത്തിയിട്ടുണ്ട്. ഒപ്പം പിടിക്കാമെന്ന വിശ്വാസമാണ് എൻ.ഡി.എയ്ക്ക്.

 മാവേലിക്കരയിൽ ചിത്രം തെളിഞ്ഞു

എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല കൂടിയെത്തിയതോടെ മാവേലിക്കര മണ്ഡലത്തിന്റെ ചിത്രം തെളിഞ്ഞു. ഇടത് സ്ഥാനാർത്ഥി അരുൺകുമാറും സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷും നേരത്തെ ഇറങ്ങിയിരുന്നു. ഇന്നലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് കൊടിക്കുന്നിലിന്റെ ഔദ്യോഗിക പ്രചാരണം തുടങ്ങി. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലാണ് ഇപ്പോൾ. ഇന്നലെ പൊൻകുന്നത്ത് വൻ റോഡ്ഷോയും നടത്തി.