കൊഴുവനാൽ: നിവാസികളായ രണ്ട് കർഷകരുടെ കാരുണ്യത്താൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് അത്താണിയൊരുങ്ങുന്നു. അമ്പഴത്തിനാൽ എ.ജെ. തോമസും മുണ്ടുപാലയ്ക്കൽ എം.എ. എബ്രഹാമും തികച്ചും സൗജന്യമായി വിട്ടുകൊടുത്ത 95 സെന്റ് സ്ഥലത്താണ് 12 വീടുകൾ ഒരുങ്ങുന്നത്.
മേവടയിൽ പാലാ രൂപതാ ഹോം പ്രോജക്ടിന്റെ ആഭിമുഖ്യത്തിലാണ് വീടുകൾ നിർമ്മിക്കുന്നത്. തോമസും എബ്രഹാമും കർഷകരാണ്.
എ.ജെ. തോമസ് അമ്പഴത്തിനാലിന് പിതൃസ്വത്തായി ലഭിച്ച 65 സെന്റ് സ്ഥലവും സഹോദരീ ഭർത്താവായ എം.എ. എബ്രാഹം മുണ്ടുപാലയ്ക്കൽ 30 സെന്റ് സ്ഥലവുമാണ് ഭൂരഹിത ഭവനരഹിതർക്കായി സൗജന്യമായി നൽകിയത്. ഏറ്റവും അർഹരായ പന്ത്രണ്ട് ഗുണഭോക്താക്കളെ ഇതിനോടകം കണ്ടെത്തുകയും അവരുടെ പേരിലേക്ക് 5 സെന്റ് സ്ഥലം വീതം ആധാരം ചെയ്ത് നൽകുകയും ചെയ്തു. കൂടാതെ എല്ലാ വീടുകളിലേക്കും പൊതുവഴിക്കാവശ്യമായ സ്ഥലവും മാറ്റിവച്ചിട്ടുണ്ട്.
പന്ത്രണ്ട് വീടുകളിൽ ഏഴ് എണ്ണം പാലാ ഹോം പ്രോജക്ട് മുഖേനയും അഞ്ച് എണ്ണം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവനപദ്ധതിയിലൂടെയും നിർമ്മിക്കുന്നതാണ്. 2024 ൽ എല്ലാ വീടുകളുടെയും നിർമ്മാണം പൂർത്തീകരിക്കുന്നതാണ്.
ആകെയുള്ള 3.5 ഏക്കർ സ്ഥലത്തുനിന്ന് 65 സെന്റ് സ്ഥലം സൗജന്യമായി നൽകിയ എ.ജെ. തോമസ് മുഴുവൻ സമയ കർഷകനും കൂടാതെ അമ്പതുവർഷത്തിലധികമായി കൊഴുവനാലിൽ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് അഗതിമന്ദിരത്തിന്റെ മുഖ്യനടത്തിപ്പുകാരനുമാണ്. വിവാഹജീവിതത്തിന്റെ അമ്പത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ച എ.ജെ. തോമസിന്റെ ഭൂമിദാനം ചെയ്യാനുള്ള ആഗ്രഹത്തിന് പത്‌നി ത്രേസ്യാമ്മ തോമസും മക്കളും പൂർണ്ണപിന്തുണ നൽകി. ഈ ദമ്പതികൾക്ക് 7 പെൺ മക്കളാണുള്ളത്.
പത്‌നി സഹോദരന്റെ ഈ വലിയ മനുഷ്യസ്‌നേഹപ്രവർത്തനത്തിന് പിന്തുണയായി എം.എ. എബ്രാഹം മുണ്ടുപാലയ്ക്കൽ 30 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി സൗജന്യമായി നല്കുവാൻ തയ്യാറായി. എം.എ. എബ്രാഹം ഇതിനുമുമ്പും കൊഴുവനാൽ നിവാസികളായ മൂന്നുപേർക്ക് വീട് നിർമ്മിക്കുന്നതിനായി സൗജന്യമായി സ്ഥലം നൽകിയിട്ടുണ്ട്. സാധാരണ കർഷക കുടുംബക്കാരായ ഈ രണ്ട് മനുഷ്യസ്‌നേഹികളുടെയും പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ഹോം പാലാ പ്രോജക്ട് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും കൊഴുവനാൽ പള്ളി വികാരി ഫാ. ജോർജ് വെട്ടുകല്ലേലും ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കലും പറഞ്ഞു.