ldf

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പോലും പ്രഖ്യാപിച്ചില്ല,​ അതിന് മുന്നേ കൊടിമ്പിരികൊണ്ട പ്രചാരണം. തിരഞ്ഞെടുപ്പിന്റെ അന്ത്യനാളുകളിൽ നടക്കേണ്ട റോഡ് ഷോ ഉൾപ്പെടെ ഇപ്പോൾ പൊടിപൊടിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇനി എന്തൊക്കെയുണ്ടാവുമെന്നാണ് എവരും ഉറ്റുനോക്കുന്നത്.

മണ്ഡലം കൺവൻഷനുകളിലൂടെയും ബൂത്ത് യോഗങ്ങളിലൂടെയും ഔദ്യോഗിക പ്രചാരണം സ്ഥാനാർത്ഥികൾ ആരംഭിച്ചു. കോട്ടയം മണ്ഡലത്തിൽ ഇടതു വലതു സ്ഥാനാർത്ഥികളും പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും പ്രചാരണരംഗത്തേയ്ക്കിറങ്ങി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ചർച്ച തുടങ്ങി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന തീയതിയിൽ വരെ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നതിൽ നിന്നു വ്യത്യസ്തമാണ് ഇത്തവണ കാര്യങ്ങൾ.

തുടങ്ങിയത് ചാഴികാടൻ
രാജ്യത്താദ്യമായി തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി കോട്ടയത്ത് തോമസ് ചാഴികാടൻ കളത്തിലിറങ്ങിയതോടെ മറ്റുള്ളവർക്ക് വെറുതേയിരിക്കാനായില്ല. സാധാരണ എൽ.ഡി.എഫ് സ്ഥാനാർഥികളെ ഒന്നിച്ചു പ്രഖ്യാപിക്കുന്ന രീതിക്ക് വ്യത്യസ്ഥമായി ജോസ് കെ.മാണിയുടെ സാരഥി ആദ്യം കളത്തിലിറങ്ങുകയായിരുന്നു.

കൺവെൻഷനോടെ തുടക്കും

പാർലമെന്റ് മണ്ഡലം കൺവൻഷനോടെ കോട്ടയത്തെ ഇടതു സ്ഥാനാർഥി തോമസ് ചാഴികാടൻ ഇന്നലെ ഔദ്യോഗിക പ്രചാരണത്തിലേക്ക് കടന്നു. ഇന്ന് കൺവൻഷനോടെ ഫ്രാൻസിസ് ജോർജും പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ചുവടുമാറ്റും. സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന ഔദ്യോഗിക കടമ്പ കഴിഞ്ഞാൽ, രണ്ടു നാളുകൾക്കുള്ളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയും കളംപിടിക്കും.

പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസകും എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിയും പ്രചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ മണ്ഡലങ്ങളിൽ സജീവമായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഇന്നും നാളെയും മണ്ഡലങ്ങളിൽ വീണ്ടും എത്തും.

മാവേലിക്കരയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി കൊടുക്കുന്നിൽ സുരേഷ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചാണ് പ്രചാരണത്തുടക്കിട്ടത്. എൽ.ഡി.എഫ് സ്ഥാനാർഥി സി.എ.അരുൺ ഒരാഴ്ചമുമ്പ് ചങ്ങനാശേരിയെ ഒന്നു വലംവച്ചിരുന്നു. എൻ.ഡി.എയിലെ ബൈജു കലാശാല ഉടൻ ചങ്ങനാശേരിയിലെത്തും

നേരത്തെ ഇറങ്ങിയപ്പോൾ

നാടിന്റെ പൾസ് മനസിലാകും

വോട്ടർമാരുമായി കൂടുതൽ ഇടപഴകാം

നാട്ടുകാരനല്ലാത്ത സ്ഥാനാർത്ഥിക്ക് കൂടുതൽ ഗുണം

ചൂടു കാലവാസ്ഥയിൽ ഏറെ വിയർക്കേണ്ടി വരുന്നു

സാമ്പത്തികച്ചെലവ് പ്രതീക്ഷിച്ചതിലും ഇരട്ടിയാവും