പാലാ: എസ്.എൻ.ഡി.പി. യോഗം 4035 നമ്പർ മല്ലികശ്ശേരി ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവവും ശാഖാ രൂപീകരണത്തിന്റെ 25ാമത് വാർഷികവും സംയുക്തമായി നാളെ മുതൽ 14 വരെ തീയതികളിൽ ആഘോഷിക്കുമെന്ന് നേതാക്കളായ കെ.കെ. വാസൻ കുറുമാക്കൽ, മനു കരിമുണ്ടയിൽ എന്നിവർ അറിയിച്ചു. തന്ത്രി ശിവനാരായണ തീർത്ഥ സ്വാമികൾ, അജിത്ത് കലേഷ് ശാന്തികൾ എന്നിവർ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

നാളെ രാവിലെ 5.30 ന് പള്ളിയുണർത്തൽ, ഗുരുപൂജ, വൈകിട്ട് 5.30 ന് സർവ്വൈശ്വര്യ പൂജ, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, ഗുരുപൂജ, 7 ന് തിരുവരങ്ങ് ഉദ്ഘാടനം, ഫ്യൂഷൻ ഡാൻസ്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, പ്രസാദമൂട്ട്.

രണ്ടാം ദിവസം രാവിലെ ഗുരുപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, ഗുരുപൂജ, 7 ന് തിരുവാതിര കളി, 7.30 ന് കൈകൊട്ടിക്കളി, കോൽകളി, വിളക്കാട്ടം, 8.30 ന് ലക്ഷ്മിപ്രിയ സാബുവിന്റെ സംഗീത കച്ചേരി.

മൂന്നാം ദിവസം രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9 ന് കലശപൂജ, തുടർന്ന് കലശാഭിഷേകം, രാവിലെ 11.30 ന് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ഉല്ലാസ് മതിയത്ത് മുഖ്യപ്രഭാഷണവും തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ സ്വാമികൾ അനുഗ്രഹപ്രഭാഷണവും നടത്തും. യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല സന്ദേശം നൽകും. കെ.കെ. വാസൻ കുറുമാക്കൽ അദ്ധ്യക്ഷത വഹിക്കും. മനു മോഹൻ സ്വാഗതവും, അശ്വതി വി.എസ്. നന്ദിയും പറയും. ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, ഗുരുപൂജ, രാത്രി 7 ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.