bengali

രാമപുരം: ശിവരാത്രി നാളിൽ രാമപുരം ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ താമസിക്കുന്ന ബീഹാറികളും ബംഗാളികളും തമ്മിലുളള ഏറ്റുമുട്ടലിൽ ഒരു നടപടിയും സ്വീകരിക്കാതെ അധികാരികൾ. വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിൽ തിങ്ങിഞെരുങ്ങിയാണ് അതിഥിത്തൊഴിലാളികൾ കഴിയുന്നത്. ഇവർ തമ്മിലുള്ള വാക്കുതർക്കം പലപ്പോഴും സംഘട്ടനത്തിൽ കലാശിക്കാറുണ്ട്. ശിവരാത്രി നാളിൽ രാത്രിയിലും ഇതാണ് സംഭവിച്ചത്. ബീഹാറികളും ബംഗാളികളുമായ അതിഥിത്തൊഴിലാളികൾ ചേരിതിരിഞ്ഞ് അസഭ്യം വിളിയുമായി ഏറ്റുമുട്ടിയപ്പോൾ ഇരുവിഭാഗത്തിലുംപെട്ട പത്തോളം പേർക്കാണ് പരിക്കേറ്റത്. നാട്ടുകാർ തടിച്ചുകൂടി ഇവരെ ഓടിച്ചില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായേനെ.

ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് അതിഥിത്തൊഴിലാളികൾ ഏറ്റുമുട്ടുകയും വിവരമറിഞ്ഞ് എത്തിയ അന്നത്തെ രാമപുരം എസ്.ഐ. ജോബി ഈ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരണമടയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കുറച്ച് കാലത്തേക്ക് ഈ കെട്ടിടത്തിൽ ആരെയും താമസിപ്പിച്ചിരുന്നില്ല.

കഴിഞ്ഞ കുറേ നാളായി വീണ്ടും അതിഥിത്തൊഴിലാളികൾ ഇവിടെ എത്തിത്തുടങ്ങി. അറുപതോളം പേരാണ് ഇവിടെ നാലഞ്ച് മുറികളിലായി തിങ്ങിഞെരുങ്ങി കഴിയുന്നത്. രാത്രിയാകുതോടെ ഇവരുടെ മദ്യപാനവും തുടർന്നുള്ള അസഭ്യം വിളികളും കൈയ്യേറ്റങ്ങളും പതിവാണ്.

നടപടി സ്വീകരിക്കാതെ പഞ്ചായത്തും

ബസ് സ്റ്റാന്റിലെ കെട്ടിടമുൾപ്പെടെ ടൗണിൽ വിവിധ കടമുറികളിൽ അതിഥിത്തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. വാണിജ്യാവശ്യത്തിനുള്ള മുറികൾ വാടകയ്ക്ക് താമസത്തിന് വിട്ടുകൊടുക്കാൻ പാടില്ല. ഇത് നോക്കേണ്ട പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.

കേസെടുക്കാൻ രാമപുരം പോലീസിനും മടി

ഒരു വർഷം മുമ്പ് അതിഥിത്തൊഴിലാളികളുടെ തമ്മിലടി തടയാൻ പോയ തങ്ങളുടെ സഹപ്രവർത്തകൻ മൂന്നാം നിലയിൽ നിന്നും താഴെ വീണ് മരിച്ച അതേ സ്ഥലത്ത് വീണ്ടും അതിഥിത്തൊഴിലാളികൾ സംഘട്ടനമുണ്ടാക്കിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതേവരെ കേസെടുത്തിട്ടില്ല. തങ്ങളുടെ കൺമുന്നിൽ തമ്മിലടി കണ്ടിട്ടും അതിഥിത്തൊഴിലാളികളെ ഓടിച്ചുവിടാനല്ലാതെ കേസെടുക്കാൻ പോലീസ് തയ്യാറായില്ല. പരാതിക്കാരില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് രാമപുരം പോലീസ് പറയുന്നു. ഇതേ സമയം ഇത്തരം സാഹചര്യങ്ങളിൽ പൊലീസിന് സ്വമേധയാ കേസെടുക്കാവുതേയുളളൂവെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതിഥിത്തൊഴിലാളികളിൽ പലർക്കും രേഖകളൊന്നുമില്ല

രാമപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അതിഥിത്തൊഴിലാളികളിൽ പലർക്കും ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് സൂചന. ഇവരെ താമസിപ്പിക്കുന്ന കരാറുകാരോട് അധികാരികൾ രേഖകൾ ചോദിച്ചെങ്കിലും പലരുടെ കാര്യത്തിലും അവർ കൈമലർത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.