
ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ചുമർചിത്രത്തെക്കുറിച്ച് പഠിക്കാൻ വിദേശസംഘം. കാലിഫോർണിയ സർവകലാശാല മേധാവി ഡോ.ക്രിസ്റ്റ്യൻ ഫിഷറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രത്തിലെത്തിയത്. സംഘം ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്യും. കേന്ദ്ര, സംസ്ഥാന പുരാവസ്തു, സാംസ്‌കാരിക വകുപ്പുകളുടെ അനുമതിയോടെയാണ് പഠനസംഘമെത്തിയത്. കൊൽക്കത്ത സ്വദേശി മൗപിമുഖോപാധ്യായാണ് പഠനം നടത്തുന്നത്. പച്ചിലചാറുകൾ കൊണ്ടാണ് ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ അലേഖനം ചെയ്തിട്ടുള്ളത്. ശ്രീ രാമ പട്ടാഭിഷേകം, ദ്വാരപാലകർ, വേട്ടയ്ക്കൊരുമകൻ, ഗണപതി, കൃഷ്ണ ലീല തുടങ്ങി ഒട്ടേറെ പുരാണ കഥകളുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. രണ്ടു നിലകളുള്ള വട്ട ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്.
സംരക്ഷിക്കാൻ കഴിയും
കാലപഴക്കംകൊണ്ട് ചുമർചിത്രങ്ങളുടെ പല ഭാഗങ്ങൾക്കും ജീർണതകൾ സംഭവിച്ചിട്ടുണ്ട്. ഇത് സംരക്ഷിക്കാൻ കഴിയുമെന്നാണ് പഠനസംഘം വിലയിരുത്തുന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ ഉൾപ്പെടെയുള്ളവരും സന്നിഹിതരായിരുന്നു.