nss

വൈക്കം: ഇന്നും സ്ത്രീ സമത്വത്തിനും തുല്യ അവകാശത്തിനുമായി സ്ത്രീ സമൂഹം പോരാടുമ്പോൾ, ഒരു നൂറ്റാണ്ട് മുന്നേ സ്ത്രീ സമത്വം പ്രായോഗികതലത്തിൽ നടപ്പിൽ വരുത്തിയ കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എൻ.എസ്. എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് പറഞ്ഞു.
വൈക്കം താലൂക്ക് എൻ എസ് എസ് വനിതാസമാജം യൂണിയൻ സംഘടിപ്പിച്ച വനിതാ സംഗമത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ യൂണിയൻ പ്രസിഡന്റ് കെ ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
വനിതാ സംഗമം ശാക്തേയം 2024 പരിപാടി വയനാട് ജില്ലാ ഉപഭോക്തൃ കോടതി ജഡ്ജി ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. .എസ്.എസ് ഹ്യൂമൺ റിസോഴ്‌സ് സ്റ്റേറ്റ് ഫാക്കൽറ്റി മെമ്പർ പ്രൊഫ. ടി ഗീത മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. മിനി ആർ നായർക്ക്, സുധ ടീച്ചർ സ്മാരക വുമൺ ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, വൈസ് പ്രസിഡന്റ് പി വേണുഗോപാൽ, വനിതാ യൂണിയൻ സെക്രട്ടറി മീരാ മോഹൻദാസ്, ട്രഷറർ രമ്യ ശിവദാസ്, ലീലാമണിയമ്മ, മഞ്ജു അജിത് എന്നിവർ പ്രസംഗിച്ചു.