
കോട്ടയം: കോട്ടയത്തെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ മത്സരരംഗം സജീവമാകും.
കോട്ടയത്ത് ഇടതു വലതു മുന്നണികൾ നേരത്തേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി കൂടി എത്തുന്നതോടെ പോരാട്ടം മുറുകും.
ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിനൊപ്പം പിടിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. ചാഴികാടന്റെ മണ്ഡലം കൺവെൻഷനു പിറകേ ഫ്രാൻസിസ് ജോർജിന്റെ മണ്ഡലം കൺവെൻഷനും നടന്നു. പ്രചാരണ ഓഫീസുകളും ഇരുവരും തുറന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യ റൗണ്ട് പ്രചാരണം ഇരുവരും ആരംഭിച്ചു.
ചാഴികാടന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോട്ടയം : ബി.ജെ.പി യുടെ പ്രലോഭനങ്ങളിൽ വീഴില്ലെന്ന് ഉറപ്പുള്ളത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചരണാർത്ഥം ശാസ്ത്രി റോഡിൽ പ്രവർത്തനം ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ തൂക്കുസഭ ഉണ്ടായാൽ എം.പിമാരെ വിലയ്ക്ക് വാങ്ങാൻ ബി.ജെ.പി ഇറങ്ങും. അങ്ങനെ പോകില്ലായെന്ന് ഉറപ്പുള്ളത് ഇടത് എം.പിമാരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ശാസ്ത്രി റോഡിൽ സി.എസ്.ഐ കോംപ്ലക്സ് ഗ്രൗണ്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തൻകാലയുടെ നേതൃത്വത്തിലാവും ഇലക്ഷൻ കമ്മറ്റി ഓഫീസിന്റെ പ്രവർത്തനങ്ങൾ. ഇലക്ഷൻ കമ്മറ്റി പ്രസിഡന്റ് കെ. അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എ.വി റസൽ, ലോപ്പസ് മാത്യു, അഡ്വ.വി ബി ബിനു, ബെന്നി മൈലാടൂർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
തുഷാർ ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചു
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ഇന്നലെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചു. റബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്ര സർക്കാർ വേണമെന്നും കോൺഗ്രസും, സി.പി.എമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും തുഷാർ പറഞ്ഞു.സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ എ.ജി തങ്കപ്പൻ,
അഡ്വ. സിനിൽ മുണ്ടപ്പള്ളി, ബി.ഡി.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെൻസ് സഹദേവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി. അനിൽകുമാർ, ഷാജി ശ്രീ ശിവം, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് സി ബ്രീസ് വില്ലാ, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയ്, ബി.ജെ.പി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്, ബി.ജെ.പി അയർക്കുന്നം വൈസ് പ്രസിഡന്റ് എസ്, മഞ്ജു പ്രദീപ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. രാവിലെ മണർകാട് പള്ളി പാമ്പാടി ദയറയിൽ പൊത്തൻ പുറംപള്ളി യൂഹാനോൻ മാർ ഡീയസ് കോറോസ് ഓർത്തഡോക്സ് സഭ കോട്ടയം ഡയോസിസിന്റെ ചുമതലക്കാരനെയും,
പുതുപ്പള്ളി പള്ളി ഫാ.ഡോ. വർഗീസ് വർഗീസ് വികാരി എന്നിവരെയും തുഷാർവെള്ളാപ്പള്ളി സന്ദർശിച്ച് അനുഗ്രഹം തേടി.