രാമപുരം: രണ്ടാഴ്ച മുമ്പ് സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് രാത്രിയിൽ സി.സി.ടി.വി കാമറകൾ മോഷണംപോയ കേസിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. 17 വയസ് തികയാത്ത ഇവരെ കോട്ടയം ജുവനൈൽ കോടതിയിൽ ഹാജരാക്കി. സ്‌കൂളിൽ സാമൂഹ്യവിരുദ്ധ ശല്യവും മോഷണവും പതിവായതിനെ തുടർന്ന് സ്‌കൂൾ അധികാരികൾ പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാമപുരത്ത് രാത്രി ഫുട്‌ബോൾ മത്സരം നടക്കുന്ന അവസരത്തിലായിരുന്നു സ്‌കൂളിൽ സാമൂഹ്യവിരുദ്ധ ശല്യമുണ്ടായത്. ഏതാനും വിദ്യാർത്ഥികൾ രാത്രി സ്‌കൂൾ കോമ്പൗണ്ടിനുള്ളിലിരുന്ന് പുകവലിച്ചു. എന്നാൽ ഇത് സി.സി.ടി.വിയിൽ പതിഞ്ഞതായി വിദ്യാർത്ഥികൾക്ക് ബോദ്ധ്യപ്പെട്ടു. ഇതേ തുടർന്ന് അവർ സി.സി.ടി.വി കാമറ ഒടിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിന് സമീപത്തുള്ള പാടത്തെ കവുങ്ങിൻതോട്ടത്തിലേക്കെറിഞ്ഞു. സി.സി.ടി.വി കാമറ മോഷ്ടിച്ചെങ്കിലും ഹാർഡ് ഡിസ്‌ക്കിൽ നിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തതോടെ വിദ്യാർത്ഥികളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.