
കോട്ടയം: ജനപങ്കാളിത്തത്താലും പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യത്താലും യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ മണ്ഡലം കൺവെൻഷൻ ആവേശകരമായി. തിരുനക്കര മൈതാനിയിൽ നടന്ന കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
നികുതി നിരക്കും വൈദ്യുതി വെള്ളക്കരവും എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും നിരക്കു വർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരായ വിധിയെഴുത്താകണം ലോക്സഭാ തിരഞ്ഞെടുപ്പെന്ന് സതീശൻ പറഞ്ഞു. ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായവരാണ് 75 ശതമാനം വീടുകളിലുള്ളവർ. കഴിഞ്ഞ തവണ നമ്മൾ കഷ്ടപ്പെട്ടു ജയിപ്പിച്ച ആൾ മറുകണ്ടം ചാടിയതിനെതിരെ യു.ഡി.എഫ് ഉരുക്കുകോട്ട നൽകുന്ന മറുപടി കൂടിയാകണം തിരഞ്ഞെടുപ്പ് ഫലമെന്ന് സതീശൻ പറഞ്ഞു. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, കെ.സി ജോസഫ്, ഷിബു ബേബിജോൺ, നാട്ടകം സുരേഷ് , അസീസ് ബഡായി, ഫിൽസൺ മാത്യൂ, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.