
കരീമഠം : അമ്മയുടെ ഒപ്പം കരീമഠം സ്കൂളിലേക്ക് പോയ യു.കെ.ജി വിദ്യാർത്ഥി ആയുഷ് ജിനീഷ് പലകകൾക്കൊണ്ടുള്ള പാലത്തിന്റെ തകരാറിലായ ഭാഗത്തിലൂടെ വെള്ളത്തിൽ വീണു. തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം കുട്ടിയെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കളും നാട്ടുകാരും. പുത്തൻപറമ്പിൽ ജിനീഷ് പ്രീനി ദമ്പതികളുടെ ഇളയമകനാണ് അപകടത്തിൽപ്പെട്ട ആയുഷ്. സ്കൂളിന് സമീപത്തായിട്ടാണ് പഴക്കം ചെന്ന പാലവും. സ്കൂളിൽ അറ്റകുറ്റപ്പണികൾക്ക് എത്തിയ തൊഴിലാളികൾ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷിക്കാനായത്. തോട്ടിൽ പായൽ തിങ്ങി നിറഞ്ഞത് കൊണ്ട് വെള്ളത്തിൽ നിന്ന് പൊങ്ങിവരാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. നിലവിലെ പാലം രണ്ട് വർഷം മുൻപ് കരീമഠം പൗരസമിതി നാട്ടുകാരുടെ സഹകരണത്തോടെ പുതുക്കി പണിതതാണ്. പാലത്തിന് കൈവരി ഇല്ല. പാലത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. നാട്ടുകാർ നിരന്തരമായി പാലം അറ്റകുറ്റപ്പണി ചെയ്യാൻ പഞ്ചായത്തിൽ പരാതി നൽകിയിട്ടും വേണ്ട നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ആയുഷിനോടൊപ്പം പഠിക്കുന്ന അഞ്ചുവയസുകാരൻ അയൂഷ് കിരണും അപകടത്തിൽപ്പെട്ടെങ്കിലും പാലത്തിന്റെ പലകയിൽ പിടികിട്ടിയതിനാൽ വെള്ളത്തിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. മാതാവിനോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു അയൂഷ് കിരണും.
ഈ പാലത്തിനു സമീപമാണ് അടുത്തിടെ സ്കൂളിലേക്ക് രക്ഷിതാക്കളോടൊപ്പം വള്ളത്തിൽ പോയ അനശ്വര എന്ന വിദ്യാർത്ഥിനി വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടിടിച്ച് അപകടത്തിൽ മരിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഇല്ലെങ്കിലും പെറ്റി വർക്കിൽ ഉൾപ്പെടുത്തി തുക അനുവദിച്ച് ഗുണഭോക്തൃ സമിതി രൂപീകരിച്ച് പാലത്തിന്റെ മെയിന്റനസ് പണികൾ നടത്തിയിരുന്നതാണ്. പുതിയ പാലം നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ഒരു സന്നദ്ധ സംഘടനയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്. മനോജ് കരീമഠം, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്