book

കോട്ടയം: അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളെത്തിത്തുടങ്ങി. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടി പൂർത്തിയാക്കിയ പുസ്തകങ്ങൾ ജില്ലാ ഹബ്ബായ പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്‌കൂളിലാണ് എത്തിച്ചിരിക്കുന്നത്. ആദ്യ ഘട്ട വിതരണം രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കും.

ജില്ലയിലെ വിവിധ സൊസൈറ്റികളിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകർ പുസ്തകങ്ങൾ ഇവിടെ നിന്ന് എത്തിക്കും. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ട വിതരണം .
പാഠപുസ്തകങ്ങൾ സെമസ്റ്റർ തിരിച്ച് അച്ചടിച്ച് ലഭ്യമാക്കുന്നത് കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്. ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായിരിക്കണം ബാഗിലെ പുസ്തകങ്ങളുടെ ആകെ ഭാരം. സെമസ്റ്റർ അടിസ്ഥാനമാകുമ്പോൾ ഭാരംകുറയ്ക്കാം.

 ഭാവിയിൽ ഡിജിറ്റലാവും

ഇ ക്ലാസ് മുറികളും സജ്ജമായതോടെ പുസ്തകങ്ങളും ഡിജിറ്റലാകുന്ന കാലം വിദൂരമല്ല. പാഠപുസ്തകത്തിൽ വിശദമാക്കുന്ന കാര്യങ്ങൾ മനസിൽ കാണുന്നതിന് പകരം കൺമുന്നിലെ സക്രീനിൽ കാണാവുന്ന തരത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം മാറിക്കഴിഞ്ഞു. സ്മാർട് ക്ലാസ് റൂമുകളിൽ ലാപ്‌ടോപ്, സ്‌ക്രീൻ പ്രോജക്ടർ എന്നിവയുടെ സഹായത്തോടെയാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്.

 2 ഘട്ടം
സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുന്നത്. ജില്ലയിലെ 910 സ്‌കൂളുകളിലേക്കുള്ള 3,81,283 പാഠപുസ്തകങ്ങളാണ് ആദ്യഘട്ട വിതരണത്തിനു തയ്യാറായിട്ടുള്ളത്. രണ്ടാഴ്ച കൊണ്ടു വിതരണം പൂർത്തിയാക്കാനാകുമെന്നാണു കരുതുന്നത്. സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകവിതരണം രണ്ടാംഘട്ടം നടക്കും.

ആകെ13.46 ലക്ഷം പുസ്തകങ്ങൾ

 മേയ് പതിനഞ്ചിനകം 2-ാം ഘട്ടം പൂർത്തിയാക്കും

'' അദ്ധ്യയനം തുടങ്ങു മുന്നേ മുഴുവൻ പുസ്തകങ്ങളും വിതരണം ചെയ്യും.''

കെ.വി.ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്