
കോട്ടയം: സർക്കാരിന്റെ ഉത്തേജക പാക്കേജ് വിലയായ കിലോക്ക് 170 ഉം കടന്നു റബർ വില 175ലേക്ക് കുതിക്കുന്നു. എന്നാൽ കടുത്ത ചൂടിൽ മരങ്ങൾ ഇലപൊഴിച്ച് ടാപ്പിംഗ് നിലച്ചതോടെ വില ഉയരുന്നതിന്റെ നേട്ടം സാധാരണ കർഷകർക്ക് ലഭിക്കില്ല. ഇല തളിർത്തു മഴ പെയ്താലേ വെട്ട് പുനരാരംഭിക്കൂ എന്നതിനാൽ റബർവില ഉയരുമെന്ന പ്രതീക്ഷയോടെ ഷീറ്റ് സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം. അന്താരാഷ്ട്ര വില 214 രൂപയിലെത്തി. ആഭ്യന്തര വിലയുമായി 39 രൂപയുടെ വ്യത്യാസം. ടയർ കമ്പനികൾ ആഭ്യന്തര വില ഉയർത്താതിരിക്കാൻ വിപണിയിൽ ഇടപെടാതെ മാറി നിൽക്കുന്നതാണ് ആഭ്യന്തര, അന്താരാഷ്ട്രവില തമ്മിലുള്ള വലിയ അന്തരത്തിനു കാരണം. ,
രാജ്യാന്തര വിപണിയിൽ ആവശ്യമേറിയതും ക്രൂഡോയിലിലെ വില വർദ്ധനയും റബറിന്റെ വില കൂടാൻ സഹായിച്ചു.
കയറ്റുമതി ചെയ്താൽ റബർ വില അന്താരാഷ്ട്ര വിലക്കൊപ്പമാകുമെന്നതിനാൽ
റബർ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് (എൻ.എഫ്.ആർ.പി.എസ്) ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പല വില
ആർ.എസ്.എസ് നാലിന് 174ഉം അഞ്ചിന് 168 രൂപയുമാണ് ഇന്നലത്തെ റബർ ബോർഡ് കൊച്ചി വില. എന്നാൽ കോട്ടയത്തെ വ്യാപാരി വില യഥാക്രമം 169ഉം 163മാണ്. കേരളത്തിൽ തന്നെ ഷീറ്റിന് ഒരേവില ലഭ്യമാക്കാൻ ഇടപെടൽ നടത്താൻ റബർ ബോർഡിനും കഴിയുന്നില്ല.
അന്താരാഷ്ട്ര വില ഇവിടത്തെ റബർ കർഷകർക്ക് ഉറപ്പാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. ഇല്ലെങ്കിൽ റബറധിഷ്ഠിത സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് കൂപ്പുകുത്തും..
ജോസ് കെ മാണി എം.പി