
കോട്ടയം : ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം അവസാന സ്ഥാനാർത്ഥിയുമെത്തുമ്പോൾ കോട്ടയത്തിന്റെ സമ്പൂർണ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയായ തുഷാർ വെള്ളാപ്പള്ളി 18 ന് കൺവെൻഷനോടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമിടും. സംസ്ഥാനത്ത് ആദ്യം തിരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലം കോട്ടയമായിരുന്നു. സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് എം പ്രഖ്യാപിച്ചതോടെ കോട്ടയം തിരഞ്ഞെടുപ്പ് വൈബിലായി. പ്രഖ്യാപനം വൈകിയാൽ തിരിച്ചടിയാകുമെന്ന ഭീതിയിൽ, മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാകും മുൻപ് യു.ഡി.എഫിൽ ഫ്രാൻസിസ് ജോർജിനെ കേരളാ കോൺഗ്രസ് കളത്തിലിറക്കി. മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി കേരളാ കോൺഗ്രസുകളുടെ പോരാട്ടത്തിന് ചൂട് പിടിച്ചപ്പോഴാണ് തുഷാറിന്റെ വരവ്. ആറുമാസമായി മണ്ഡലത്തിൽ സജീവമായിരുന്ന തുഷാർ മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം ഓടിയെത്തുമെന്ന വിശ്വാസമാണ് എൻ.ഡി.എ ക്യാമ്പിന്.
വാർ റൂം റെഡി
കൃത്യം 41-ാം ദിവസം പോളിംഗ് സ്റ്റേഷനിലേയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ അടിമുടി സജ്ജമെന്നാണ് സ്ഥനാർത്ഥികൾ പറയുന്നത്. തിരഞ്ഞെടുപ്പ് കൺവെഷനുകളിലാണ് ഇടത് - വലത് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് ഓഫീസും സജ്ജമായി. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ദോഷമാകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറയുന്നു. ഏറ്റവും കരുത്തനെ രംഗത്ത് ഇറക്കിയതോടെ വിജയത്തിൽ കുറഞ്ഞൊന്നും എൻ.ഡി.എ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ പി.സി.തോമസിന് ലഭിച്ച ഒന്നര ലക്ഷത്തോളം വോട്ട് ഇരട്ടിയിലേറെയായി വർദ്ധിക്കുമെന്ന് നേതാക്കൾ പറയുന്നു. നരേന്ദ്രമോദിയുടെ വികസനവും തുഷാറിന്റെ വ്യക്തിപരമായ സ്വാധീനവും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഉയരുന്ന വിഷയങ്ങൾ
റബർ, നെൽ ഉൾപ്പെടെയുള്ള കാർഷിക പ്രശ്നം
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭരണം
മണിപ്പൂർ കലാപവും പ്രധാനമന്ത്രിയുടെ മൗനവും
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ധൂർത്തും