elec

കോട്ടയം: ചുട്ട്പൊള്ളുന്ന വേനലിനും തെരഞ്ഞെടുപ്പ് പോരാട്ട ചൂടിനെ തോൽപ്പിക്കാനാവില്ലെന്ന് തെളിയിക്കുകയാണ് ഇരുമുന്നണികളും. ആയിരങ്ങൾ കടുത്ത ചൂടിനെ അവഗണിച്ചെത്തുന്നതിനാൽ സ്ഥാനാർത്ഥികളും നേതാക്കളും ആവേശത്തിലായി കഴിഞ്ഞു.

 സമ്മാനങ്ങളുമായി ചാഴികാടനെ കാത്ത്

തോമസ് ചാഴികാടന്റെ പിറവം, വൈക്കം, കടുത്തുരുത്തി, പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനുകളിൽ ഒഴുകിയെത്തിയത് ജനസാഗരമാണ്.

ഇന്നലെ രാവിലെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഒരു സ്‌റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തിയ സ്ഥാനാർത്ഥിയെ അധികൃതർ ആവേശത്തോടെയാണ് വരവേറ്റത്.

കല്ലറ നൂറ്റിപ്പത്ത് നെറ്റിത്തറ കോളനിയിലെ വഴിവിളക്ക് ഉദ്ഘാടനം. വാക്ക് പാലിച്ച എംപിക്ക് സമ്മാനങ്ങളുമായാണ് നാട്ടുകാർ കാത്ത് നിന്നത്. കടുത്ത വെയിലത്ത് അമ്മമാർ കുടയും ചൂടി സ്ഥാനാർത്ഥിയെ കാത്തുനിന്നു. ഇളനീരും സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു.

ഇന്ന് പാലാ, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ കൺവൻഷൻ നടക്കും. നാളെ കോട്ടയം മണ്ഡലത്തിലെ കൺവെൻഷനോടെ നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാകും.

 ഉഴവൂരിൽ തുടങ്ങി ഫ്രാൻസിസ് ജോർജ്

യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് രാവിലെ ഉഴവൂർ പളളിയിൽ മുൻ എം.എൽ.എ ഇ .ജെ ലൂക്കോസിന്റെ .ചരമ വാർഷികത്തോടനുബന്ധിച്ചുള്ള കുർബാനയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് പാലാ ബ്രില്യന്റ് കോളേജിൽ നടന്ന പരിപാടിയിലും പാലാ ,ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിലും സംബന്ധിച്ചു.

കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വഭേദഗതി നിയമം, രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ പാരമ്പര്യത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ നിയമ നിർമാണം എത്രയും വേഗം പിൻവലിക്കണമെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നുപോലെ കാണുമെന്നും തുല്യപരിഗണനയും നീതിയും ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്തിട്ടുള്ള ഒരു ഗവൺമെന്റിൽ നിന്നും ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.