
കോട്ടയം: രണ്ടു മാസത്തിനിടെ കുരുമുളക് വില കുത്തനെയിടിഞ്ഞത് കർശകരെ പ്രതിസന്ധിയിലാക്കി.
ക്വിന്റലിന് 106 രൂപ കുറഞ്ഞപ്പോൾ, കഴിഞ്ഞ ആഴ്ച മാത്രം കിലോയ്ക്ക് 19രൂപ രൂപയുടെ കുറവാണുണ്ടായത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സജീവമായതും ഉത്തരേന്ത്യൻ വിപണിയിലേക്ക് തമിഴ്നാട് കുരുമുളക് വില കുറച്ച് എത്തിയതും കേരളത്തിന് തിരിച്ചടിയായി. .
500 രൂപയിൽ താഴ്ന്ന വിലയിൽ കുരുമുളക് ഇറക്കുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കഴിഞ്ഞ ഡിസംബറിൽ ഇറക്കിയ ഉത്തരവ് കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നെങ്കിലും വിപണിയിൽ പ്രതിഫലിച്ചില്ല. ഇറക്കുമതി കുരുമുളക് മസാലക്കൂട്ടാക്കി കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസിന്റെ മറവിൽ വിയറ്റ്നാമിൽ നിന്നു കുറഞ്ഞ വിലയ്ക്കു കുരുമുളക് ഇറക്കുമതി ചെയ്യുന്നതും നാടൻകർഷകർക്ക് വിനയായി. തൂത്തുക്കുടി, ചെന്നൈ, വിശാഖപട്ടണം തുറമുഖങ്ങൾ വഴി വില കുറഞ്ഞ വിയറ്റ്നാം കുരുമുളക് വാങ്ങി കൂടിയ വിലക്ക് ഇവിടെത്തന്നെ വില്കുന്നതായി കർഷകർ പറയുന്നു. വിയറ്റ്നാമിൽ കിലോഗ്രാമിന് 200 രൂപയാണ് വില. കേരളത്തിൽ 500 രൂപക്കു മുകളിൽ വിലയുണ്ട്.
കണ്ണീരിൽ കർഷകർ
കുരുമുളക് പറിച്ചെടുക്കുന്നതിന് ദിവസം കൂലിയിനത്തിൽ 1000 രൂപ ചെലവ് വരും . ഇതിനുള്ള കുരുമുളകു ലഭ്യമാകുന്നില്ലെന്നാണ് കർഷകരുടെ പരാതി . ഉണക്കി സൂക്ഷിച്ച കുരുമുളകിന് പഴക്കംകൂടുതോറും വില വർദ്ധിക്കുന്നതായിരുന്നു മുൻകാലങ്ങളിലെ രീതി. വില കുത്തനെ ഇടിയുന്ന പ്രവണതയിൽ സ്റ്റോക്ക് ചെയ്യാൻ ആരും താത്പര്യം കാട്ടുന്നില്ല. ഇതും വിലഇടിവിന് കാരണമായി.
മെച്ചമില്ല
## കാലാവസ്ഥ വ്യതിയാനം വില്ലനായതോടെ കുമിൾ രോഗവുമായി. പരിപാലന ചെലവ് കൂടിയതോടെ പുതുതായി കുരുമുളക് കൃഷിയിലേക്ക് ആരും എത്തുന്നില്ല
മറ്റ് രാജ്യങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത കുരുമുളക് അന്യസംസ്ഥാനങ്ങളിലേക്ക് കൂടുതലായി എത്തിയതോടെ കേരളത്തിലെ കുരുമുളകിന് ഡിമാൻഡ് ഇല്ലാതായി. വിദേശ രാജ്യങ്ങളിലേക്കുള്ള കുരുമുളകിന്റെ കയറ്റുമതിയും കുറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ സ്‌പൈസസ് ബോർഡ് ഉൾപ്പെടെ ഒരുനടപടിയും സ്വീകരിക്കുന്നില്ല.
എബി ഐപ്പ് (കർഷകൻ )