കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറുമ്പോൾ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം തിരുനക്കരയിലുണ്ടാകാവുന്ന ഗതാഗതകുരുക്ക് എങ്ങനെ പരിഹരിക്കുമെന്നറിയാതെ ജില്ലാ ഭരണകൂടം. തിരുനക്കര ബസ് സ്റ്റാൻഡ് പൊളിച്ച സ്ഥലം ഉത്സവത്തിന് മുന്നോടിയായി ബസ് ബേയാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ഉത്സവകച്ചവടത്തിന് ലേലം ചെയ്ത നഗരസഭയുടെ നടപടിയാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയത്. തിരുനക്കര ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ബസുകൾ പോയി പഴയ സ്റ്റാൻഡിന് പിന്നിലെ റോഡിൽ പല സ്ഥലത്താണിപ്പോൾ നിറുത്തുന്നത്. എവിടെ നിറുത്തുമെന്നറിയാതെ ബസുകൾക്കും പിന്നാലെ ഓടുകയാണ് യാത്രക്കാർ. പഴയ സ്റ്റാൻഡ് തിരുനക്കര ഉത്സവത്തോടനുബന്ധിച്ചുള്ള വിനോദവ്യാപാരമേളക്ക് ഈ മാസം മുഴുവൻ വിട്ടുനൽകിയതോടെ തിരുനക്കരയും പരിസരവും ജനനിബിഡമാകും. ഉത്സവത്തിനും വിനോദ വ്യാപാരമേളക്കുമെത്തുന്ന ജനങ്ങളുടെ ഇടയിലൂടെ വേണം ബസുകൾ സർവീസ് നടത്താൻ. അല്ലെങ്കിൽ അടിയന്തിരമായി ബദൽ സംവിധാനം ഏർപ്പെടുത്തണം. എന്നാൽ ഒരു നീക്കവും ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടില്ല.

കളക്ടറോട് റിപ്പോർട്ട് തേടി

തിരുനക്കര ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന് വിശദമാക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറികൂടിയായ സബ് ജഡ്ജി രാജശ്രീ രാജഗോപാൽ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിലെ കെട്ടിടം പൊളിക്കാൻ കാണിച്ച ശുഷ്കാന്തി ബസ് ബേ ഉണ്ടാക്കുന്നതിൽ എന്തു കൊണ്ട് കാണിക്കുന്നില്ലെന്ന് സബ് ജഡ്ജ് നഗരസഭാ അധികൃതരോടും ചോദിച്ചിട്ടുണ്ട്.

തിരുനക്കര ഉത്സവത്തിനു മുമ്പ് സ്റ്റാൻഡിലൂടെ ബസുകൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് കളക്ടർ നഗരസഭക്ക് കത്തു നൽകിയിരുന്നു. എന്നാൽ കളക്ടറുടെ നിർദ്ദേശത്തെ നഗരസഭ അവഗണിച്ചു. വിനോദ വ്യാപാരമേളക്ക് സ്റ്റാൻഡ് ലേലത്തിനു കൊടുത്തു കാശുവാങ്ങിയതിൽ ഭരണപക്ഷത്തെ ചില കൗൺസിലർമാർക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.