കുമരകം: കുമരകം എട്ടാം വാർഡിലെ കമ്മ്യൂണിറ്റി ഹാൾ കായിത്തറ റോഡിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. പ്രദേശവാസികളുടെ സഹകരണത്തോടെ വാർഡ് മെമ്പർ ഷീമാ രാജേഷിന്റെ നേതൃത്വത്തിലാണ് നൂറ് മീറ്ററോളം വരുന്ന റോഡ് മണ്ണിട്ടുയർത്തി സഞ്ചാരയോഗ്യമാക്കിയത്. വേനൽ കാലത്തുപോലും ചെളിനിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ദുരിതം സഹിച്ചാണ് യാത്ര ചെയ്തിരുന്നത്. ഗ്രാമ പഞ്ചായത്തിന്റെ നിരവധി പദ്ധതികളിൽ ഉൾപ്പെടുത്തിയെങ്കിലും വാഹനം എത്താത്ത പ്രദേശമായതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.ഇതേ തുടർന്ന് വാർഡ് മെമ്പർ ഷീമാ രാജേഷിന്റെ നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണും, ക്വാറി മക്കും ജങ്കാറിൽ പൊങ്ങലക്കരിയിൽ എത്തിച്ചാണ് റോഡ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്.