w

കോട്ടയം: കേരളാ കോൺഗ്രസിന്റെ തട്ടകമായ പാലായിലായിരുന്നു ഇന്നലെ എൽ.ഡി.എഫ് കൺവൻഷൻ. നവജീവനിലു മറ്റും സന്ദർശനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ കളംപിടിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും. എൻ.ഡി.എ സ്ഥാനാർത്ഥി ഉടനെത്തും.

 കേരളം അർഹതപ്പെട്ടത് വാങ്ങിയെന്ന് മന്ത്രി റോഷി
കേന്ദ്രത്തിന്റെ മുന്നിൽ മുട്ടുമടക്കാത്ത ഏക സർക്കാരുള്ളത് കേരളത്തിൽ മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പാലായിൽ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്തിയിട്ടും കോടതിയിൽ പോയി അർഹതപ്പെട്ടത് പിടിച്ചുവാങ്ങാൻ കേരളത്തിന് കഴിഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സമരം നടത്തേണ്ട ഗതികേട് കേരളത്തിനുണ്ടായി. മതേതര കാഴ്ചപ്പാട് തകരുന്ന സ്ഥിതിയാണ് കേന്ദ്ര സർക്കാരിന്റെ നിലപാടുമൂലം ഉണ്ടാകുന്നത്. സി.എ.എ നടപ്പാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. ഭരണഘടനയുടെ മൂല്യങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരായ താക്കീതായി ലോക്‌സഭ തിരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ, എൽ.ഡി.എ.ഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

 നവജീവനിൽ അന്തേവാസികളെ കണ്ട് ഫ്രാൻസിസ് ജോർജ്

ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഫ്രാൻസിസ് ജോർജിന്റെ ഇന്നലത്തെ ദിനം.

നവജീവൻ ട്രസ്റ്റിലെത്തിയ സ്ഥാനാർഥിയെ ട്രസ്റ്റി പി.യു തോമസ് സ്വീകരിച്ചു. അന്തേവാസികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചിട്ടാണ് സ്ഥാനാർത്ഥി. തുടർന്ന് ആർപ്പൂക്കര സഹകരണ ബാങ്ക്,വില്ലേജ് ഓഫീസ്, വില്ലൂന്നി സെന്റ് സെബാസ്റ്റ്യൻ പള്ളി ,വിവിധ മഠങ്ങൾ,കോലേട്ട് ശ്രീ ഷുൺമുഖ വിലാസം ദേവീ ക്ഷേത്രം, അൽഫോൻസാമ്മയുടെ ജന്മഗൃഹം ,അഭയ ഭവൻ,എസ്.എച്ച് ജ്ഞാനോദയ ബധിര മൂക വിദ്യാലയം എന്നിവടങ്ങളിലും സന്ദർശനം നടത്തി. കരീമഠത്ത് അപകടരമായ പാലവും സ്ഥാനാർത്ഥി സന്ദർശിച്ചു. മണ്ഡലത്തിലെ വിവിധ പോസ്റ്ററുകൾ നശിപ്പിച്ചതിൽ നേതാക്കൾ പ്രതിഷേധിച്ചു.