
കോട്ടയം : ശബരി വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനമായതോടെ പ്രതീക്ഷയോടെ മലയോരം. ഒരുവർഷത്തിനകം സ്ഥലം ഏറ്റെടുത്ത് കൈമാറണമെന്നാണ് ചട്ടം. ഇതിനായി റവന്യു വകുപ്പ് ഉടൻ സർവേ ആരംഭിക്കും. സ്വകാര്യ ഭൂമിയുടെ അതിർത്തി നിർണയവും അടയാളപ്പെടുത്തലും പൂർത്തിയായതിന് പിന്നാലെയാണ് സ്ഥലമേറ്റെടുപ്പിലേയ്ക്ക് കടക്കുന്നത്. 2026 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും 165 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ആവശ്യം. ചെറുവള്ളിയിൽ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച തർക്കമില്ലാത്തതിനാൽ പദ്ധതിയ്ക്ക് വേഗംവയ്ക്കുമെന്നാണ് വിലയിരുത്തൽ. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിലെ സ്ഥലങ്ങളാണ് ആവശ്യം. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട 281, 282, 283 സർവേ നമ്പരുകൾ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിലെ 2264.09 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യ ഭൂമിയും ഏറ്റെടുക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരം, കെട്ടിടങ്ങൾ, കൃഷി ഇവയ്ക്കുള്ള തുക നിർണയം തുടങ്ങി അന്തിമ വിജ്ഞാപനം കൂടി ഇറങ്ങിയാൽ സ്ഥലം ഏറ്റെടുക്കാം. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
ഇനിയുള്ള നടപടി
സ്ഥലം ഉടമകൾക്കും സമീപ സ്ഥലം ഉടമകൾക്കും നോട്ടീസ് നൽകും
റവന്യു വകുപ്പ് സർവേ രേഖകൾ പരിശോധിച്ച് കല്ലുകളിടും
47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങൾ ഏറ്റെടുക്കും
ഭൂമി ഏറ്റെടുത്ത ശേഷം
പാരിസ്ഥിതിക, സാമൂഹിക, സാങ്കേതിക, സാമ്പത്തിക ആഘാത പഠനം
വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കണം
സിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം
നിക്ഷേപ സമാഹരണം, ടെൻഡർ വിളിച്ച് നിർമ്മാണം
3,500 മീറ്റർ റൺവേ
ആകെ 2,570 ഏക്കർ സ്ഥലം