accident

പാലാ : മിനുങ്ങി കിടക്കുന്ന റോഡിൽ അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിലെ പുലിയന്നൂർ ബൈപാസും, ഇരട്ടപ്പാലവുമാണ് മരണപാതയായി മാറിയിരിക്കുന്നത്. ഇന്നലെ രാവിലെയും അപകടമുണ്ടായി. മരിച്ചത് ബൈക്ക് യാത്രികനും ഒരുകുടുംബത്തിന്റെ പ്രതീക്ഷയുമായ 18 കാരനായ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥി അമൽ ഷാജി. രണ്ട് ദിവസം മുമ്പ് കാർ തലകീഴായി മറിഞ്ഞതും ഇതേഭാഗത്ത് വച്ച്. അപകടങ്ങളേറുമ്പോഴും അധികൃതർ നിസംഗത പുലർത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. ഒന്നരവർഷം മുൻപുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചതോടെ ശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങളൊരുക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. നാറ്റ്പാക് ടീം സ്ഥലം സന്ദർശിച്ച് പരിഹാര നിർദ്ദേശങ്ങളും നൽകിയിരുന്നു. രണ്ടുവർഷത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും ജീവിതത്തോടും മരണത്തോടും മല്ലടിക്കുകയാണ്.

കഴിഞ്ഞ രണ്ടുവർഷം

അപകടം : 32

മരണം : 5

പരിക്കേറ്റവർ : 80

വില്ലനായത് അശാസ്ത്രീയ നിർമ്മാണം

കുത്തനെയുള്ള ഇറക്കവും റോഡിന്റെയും പാലത്തിന്റെയും അശാസ്ത്രീയ നിർമ്മാണവും നടുവിലെ കൽക്കെട്ടുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.

വേഗ നിയന്ത്രണ സംവിധാനങ്ങളില്ലാത്താതാണ് വാഹനങ്ങളുടെ മരണപ്പാച്ചിലിന് കാരണം. ഗതാഗത ഉപദേശക സമിതി ചേർന്നെങ്കിലും തീരുമാനങ്ങൾ നടപ്പാക്കിയില്ല. അന്നത്തെ പാലാ സി.ഐ കെ.പി.ടോംസണും അപകടമൊഴിവാക്കാൻ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ സാധിച്ചില്ല.

''പുലിയന്നൂരിലെ ഈ മരണക്കളി എത്രയും വേഗം അവസാനിപ്പിക്കണം. ഇതുസംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ ഉൾപ്പെട്ട രേഖ രണ്ട് ദിവസത്തിനുള്ളിൽ യു.ഡി.എഫ് ബന്ധപ്പെട്ട അധികാരികൾക്ക് നൽകും.

-പ്രൊഫ. സതീശ് ചൊള്ളാനി, നഗരസഭ പ്രതിപക്ഷ നേതാവ്


പരിഹാര നിർദ്ദേശങ്ങൾ

സെന്റ് തോമസ് കോളേജ് കഴിഞ്ഞ് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മരിയൻ ഹോസ്പിറ്റൽ ഭാഗത്തേക്കും ബൈപ്പാസ് റോഡിലേക്കും കയറാനുള്ളത് പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്ന് പാലം കഴിഞ്ഞ് മാത്രം യൂടേൺ എടുക്കുന്ന രീതിയിലേക്ക് മാറ്റണം

സെന്റ് തോമസ് കോളേജ് ജംഗ്ഷൻ - പുലിയന്നൂർ അമ്പലം കവാടം വരെ വൺവെ

അടിയന്തിരമായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം