
ഏഴാച്ചേരി: വലിയ നോമ്പിലെ വെള്ളിയാഴ്ചകളിൽ ഫാത്തിമാഗിരി കുരിശുമല കയറാൻ വിശ്വാസികളുടെ തിരക്ക്. പാലാ രൂപതയിൽ ഏഴാച്ചേരി ഇടവകയിലെ തീർത്ഥാടന കേന്ദ്രമാണ് ഫാത്തിമാഗിരി കുരിശുമല.
രാമപുരം-പാലാ ഹൈവേയിൽ ചക്കാമ്പുഴ നിന്നും ഏഴാച്ചേരി വഴി കാവിൻപുറം ജംഗ്ഷനിൽ നിന്നും ഫാത്തിമാഗിരിയിലേക്ക് പോകാം. ഫാത്തിമാഗിരി പാറയിലേക്കുള്ള കുരിശിന്റെ വഴിയുടെ തുടക്കത്തിൽ ടാർ റോഡ് ഉണ്ട്. ഇവിടെ നിന്ന് കുത്തനെ 300 മീറ്ററോളം കയറിയാൽ ഫാത്തിമാഗിരിയുടെ ശൃംഖത്തിലെത്താം. ഇവിടെയാണ് ഫാത്തിമാ മാതാവിന്റെ കപ്പേള.
വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും ഫാത്തിമാഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്താറുണ്ട്. നാൽപ്പതാം വെള്ളിയും ദുഃഖവെള്ളിയുമാണ് പ്രധാന ദിനങ്ങൾ. പ്രധാന തിരുനാളുകളിലും നോമ്പിലെ വെള്ളിയാഴ്ചകളിലും ഏഴാച്ചേരി രാമപുരം, ചക്കാമ്പുഴ, അന്ത്യാളം തുടങ്ങി വിവിധ ഇടവകകളിൽ നിന്നും കേട്ടറിഞ്ഞ് മറ്റ് രൂപതകളിൽ നിന്നും തീർത്ഥാടകർ ഫാത്തിമാഗിരി കയറാനെത്താറുണ്ട്.
ഈ വർഷവും ഏഴാച്ചേരി ഇടവകയുടെ നേതൃത്വത്തിൽ നോമ്പിലെ വെള്ളിയാഴ്ചകളിൽ കുരിശിന്റെ വഴി ആരംഭിച്ചു. ഇടവക വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തിൽ ഇടവകയിലെ ഭക്തസംഘടനകളുടെ സഹകരണത്തോടെയാണ് കുരിശിന്റെ വഴി നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇടവകയിലെ എ.കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി നടത്തിയത്. മാതാവിന്റെ ഗ്രോട്ടോയിൽ നിന്നും വൈകിട്ട് 5.30ന് ആരംഭിച്ച കുരിശിന്റെ വഴി 6.30ന് മലമുകളിൽ എത്തി. ഇടവക വികാരി ഫാ. ലൂക്കോസ് കൊട്ടുകാപള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോസഫ് പള്ളത്ത്, വൈസ് പ്രസിഡന്റ് സോജൻ കാവളക്കാട്ട്, സെക്രട്ടറി സജി പള്ളിയാരടിയിൽ, ജോയിന്റ് സെക്രട്ടറി സതീഷ് ഐക്കര, ട്രഷറർ അബ്രഹാം ചിറക്കൽ, രൂപതാ പ്രതിനിധി അജോ തൂണുങ്കൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബു നെടുമ്പള്ളിൽ, ജോസഫ് ഫ്രാൻസിസ് കവളക്കാട്ട്, റെജി പള്ളത്ത്, ജോമിഷ് നടക്കൽ, സിബി പള്ളിക്കുന്നേൽ, സജിമോൻ തുണ്ടത്തിൽ, റോയി പള്ളത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഏഴാച്ചേരി ഇടവകാംഗങ്ങളെ കൂടാതെ രാമപുരം, ചക്കാമ്പുഴ ഇടവകകളിൽ നിന്നും ഭക്തജനങ്ങൾ ഉൾപ്പെടെ 300 ഓളം പേർ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ഇന്ന് നടക്കുന്ന കുരിശിന്റെ വഴിയിൽ അഞ്ഞൂറോളം പേർ പങ്കെടുക്കും.