കുമരകം : കുമരകം പഞ്ചായത്തിൽ ശുദ്ധജലക്ഷാമം അതിരൂക്ഷം.പലയിടത്തും മെയിൻ പമ്പിംഗ് പൈപ്പ് ലൈനും, വിതരണ ലൈനുകളും പൊട്ടിയതിനാൽ ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി പോകുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ശ്രവാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ല. പഞ്ചായത്ത് അധികാരികളും തിരിഞ്ഞുനോക്കുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഭരണകക്ഷി അംഗങ്ങൾ സമരം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. വേനൽ കടുത്തതോടെ തകരാറുകൾ എന്ന് പരിഹരിക്കാനാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കുന്നുംപുറത്തെ ശുദ്ധീകരണ കേന്ദ്രത്തിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ പാതി പോലും ടാങ്കിൽ എത്താതെ പാഴാകുന്നു. കുമരകം സി എച്ച്‌സിയ്ക്ക് സമീപം റോഡിന് മദ്ധ്യത്തിലായി പൈപ്പ് പൊട്ടി വെള്ളം സമീപത്തെ പുരയിടത്തിലേയ്ക്ക് ഒഴുകി വീടിനു തന്നെ ഭീഷണിയായി മാറുകയാണ്.
കുമരകം റോഡിൽ കണ്ണാടിച്ചാലിന് സമീപം കുന്നത്തുകളത്തിൽ പാടത്ത് പുൽ പടർപ്പിനിടയിൽ നിലയ്ക്കാത്ത ഒഴുക്ക്. അതും പൈപ്പ് വെള്ളം തന്നെ.
മറ്റെന്ന് പുത്തൻപള്ളിയ്ക്ക് സമീപത്തെ താറാവ് വില്ലനകേന്ദ്രത്തിന്റെ കുളത്തിന് സമീപത്തായി പൈപ്പ് പൊട്ടി ശക്തമായായ ഒഴുക്കാണ്. ഇവിടെ പാഴാകുന്ന ശുദ്ധജലം വറ്റിപ്പോയ കുളത്തിലേയ്ക്ക് തിരിച്ച് വിട്ട് ശുദ്ധജല സമൃദ്ധിയിൽ താറാവ് വളർത്തുന്നു.
പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങളോ, വൈദഗ്ധ്യമോ കോട്ടയം വാട്ടർ അതോറിറ്റക്ക് ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്.
പൈപ്പിൽ ശുദ്ധജലമില്ലാതെ കുമരകത്തെ ജനങ്ങൾ നട്ടംതിരിയുമ്പോൾ കോടിക്കണക്കിന് ലിറ്റർ ജലമാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം പാഴാക്കി കളയുന്നത്.
ഇക്കാര്യത്തിൽ പഞ്ചായത്ത് അധികാരികളോ, എം.എൽ. എ, എം.പി തുടങ്ങിയ ജനപ്രതിനിധികളോ ആത്മാർത്ഥതയോടെ ഇടപെടാൻ ശ്രമിയ്ക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മാലിന്യം കുമിഞ്ഞുകൂടിയ പാടത്തുകൂടി കടന്നുപോകുന്ന പൈപ്പ് ലൈനുകൾ പൊട്ടിയ ഭാഗത്തുകൂടി മലിന ജലം തിരിച്ചു കയറി ആരോഗ്യപ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനാകാതെ വന്നാൽ ഇത് ജലജന്യ രോഗത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
കുമരകത്തെ ആവശ്യമുള്ളതിന്റെ പകുതി വെള്ളം മാത്രമാണ് രണ്ട് ടാങ്കുകളിലേയ്ക്ക് പമ്പു ചെയ്യുന്നത്. അതിൽ ഏറെയും പല ഇടങ്ങളിലായി പൈപ്പ് പൊട്ടി പാഴായിപ്പോകുന്നു. വിദഗ്ധരായ ഉദ്യോഗസ്ഥരേയും, തൊഴിലാളികളേയും നിയമിച്ച് ഇതിന് അടിയന്തിര പരിഹാരമുണ്ടാക്കണം. മാസങ്ങളായി മെയിന്റനൻസ് നടത്താതെ കുടിവെള്ളം പാഴാക്കിക്കളയുന്ന ഉദ്യോഗസ്ഥരുടെ മേൽ മാതൃകാപരമായ ശിക്ഷാ നടപടി എടുക്കണം.ശുദ്ധ ജല പ്രതിസന്ധിയെ മന്ത്രിയും, പഞ്ചായത്തു പ്രസിഡന്റും നിസ്സാരവൽക്കരിയ്ക്കുകയാണ്. ജനപ്രതിനിധികളുടെയും , ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ച് ചർച്ച ചെയ്യുവാൻ മന്ത്രി തയ്യാറാവണം. - പി കെ സേതു ,ഗ്രാമ പഞ്ചായത്തു മെമ്പർ