
കോട്ടയം : പ്രഖ്യാപനത്തിന് മുന്നേ കളത്തിലിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി പഞ്ചായത്തുകളിലേയ്ക്ക് ഇറങ്ങുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജാകട്ടെ വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രചാരണം ഉൗർജ്ജിതമാക്കുകയാണ്. രണ്ട് ദിവസത്തിനകം എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുന്നതോടെ കോട്ടയത്തിന്റെ ചിത്രം തെളിയും.
റോഡ് ഷോയുമായി ചാഴികാടൻ
ഇന്നലെ രാവിലെ പിറവം മുളന്തുരുത്തിയിലായിരുന്നു ചാഴികാടന്റെ സൗഹൃദ സന്ദർശനം. വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് തിരുവാങ്കുളത്തേക്ക് തുറന്ന വാഹനത്തിൽ റോഡ് ഷോ. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തി ചെറിയ പ്രസംഗം. മുളന്തുരുത്തി റെയിൽവേ മേൽപ്പാലമടക്കമുള്ള വികസന പദ്ധതികൾ നടപ്പാക്കാനായതിന്റെ ചാരിതാർത്ഥ്യവും പങ്കുവച്ചു.
മണ്ഡലം കൺവെൻഷനുകളിലേയ്ക്ക് ഫ്രാൻസിസ് ജോർജ്
നാളെ മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും മണ്ഡലം കൺവെൻഷനുകളിലേയ്ക്ക് കടക്കും. പിറവത്ത് തുടങ്ങി 21 ന് കോട്ടയത്ത് സമാപിക്കും വിധമാണ് കൺവെൻഷനുകൾ. ജനപ്രിയ നേതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കാനാണ് യു.ഡി.എഫ് ശ്രമം. ഇന്നലെ ആർപ്പൂക്കര പഞ്ചായത്തിലെ സ്ഥാപനങ്ങളും, ഓഫീസുകളും, ആരാധനാലയങ്ങളും സന്ദർശിച്ചു.