borewell

പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്റെ പരിധിയിലുള്ള നാല് പഞ്ചായത്തുകളിൽ ഒൻപത് കുഴൽകിണറുകൾക്കൂടി. വലിയൊരു വിഭാഗം ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അനുഗ്രഹമാകും ഈ കുഴൽകിണറുകൾ.

ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്റെ പരിധിയിലുള്ള എലിക്കുളം, മുത്തോലി, കൊഴുവനാൽ, കിടങ്ങൂർ പഞ്ചായത്തുകളിലായി ഒൻപത് കുഴൽക്കിണർ കുടിവെള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരി, കൊഴുവനാൽ പഞ്ചായത്തിലെ കപ്പിലിക്കുന്ന് ഭാഗം, മുത്തോലി പഞ്ചായത്തിലെ പുലിയന്നൂർ ആശ്രമം ഗവ. എൽ.പി. സ്‌കൂൾ, പടിഞ്ഞാറ്റിൻകര കാവുകാട്ട് ഭാഗം, കിടങ്ങൂർ പഞ്ചായത്തിലെ ചെമ്പിളാവ് കാരൂർ ഭാഗം, കിടങ്ങൂർ എൻജിനീയറിംഗ് കോളേജ് മാങ്കുടി ഭാഗം, പള്ളിയമ്പിൽ ഭാഗം, പാദുവ കുടിവെള്ള പദ്ധതി കിണർഭാഗം, വട്ടുകുളങ്ങര ഭാഗം എന്നിവിടങ്ങളിലാണ് പുതിയ കുഴൽകിണറുകൾ.

ഒൻപത് സ്ഥലത്തും കുഴൽക്കിണർ നിർമ്മിച്ച് മോട്ടോറും ടാങ്കും സ്ഥാപിച്ച് 5 മുതൽ 20 വരെ കുടുംബങ്ങൾക്ക് വെള്ളം ലഭ്യമാകത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് സ്ഥലങ്ങളിൽ ഇതിനോടകം കുഴൽക്കിണർ നിർമ്മിക്കുകയും നിർമ്മിച്ച കിണറുകളിൽ ആവശ്യത്തിന് ജല ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

അവശേഷിക്കുന്ന സ്ഥലങ്ങളിൽ ഈ ആഴ്ച തന്നെ കുഴൽക്കിണർ നിർമ്മിക്കും. ഈ മുഴുവൻ കുഴൽക്കിണർ കുടിവെള്ള പദ്ധതികളും എത്രയുംവേഗം പൂർത്തീകരിച്ച് ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അറിയിച്ചു.