
പാലാ: പുലിയന്നൂർ ജംഗ്ഷൻ നിരവധി ജീവനുകളെടുക്കുന്ന കൊലപാതക കുരുക്കായി മാറുന്നുവെന്ന് യു.ഡി.എഫ് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഈ അഞ്ചുംകൂടിയ കവലയുടെ അശാസ്ത്രീയത നീക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ സെന്റ് തോമസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിക്കാൻ ഇടയായ സാഹചര്യത്തിലാണ് യു.ഡി.എഫ് സംഘം സംഭവസ്ഥലത്ത് സന്ദർശനം നടത്തിയത്.
യു.ഡി.എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷ്, തോമസ് ഉഴുന്നാലി, റോബി ഊടുപുഴ, കിരൺ അരീക്കൽ, തങ്കച്ചൻ മണ്ണുശ്ശേരി, അജയ് നെടുമ്പാറയിൽ, ബിജോയി തെക്കേൽ തുടങ്ങിയവർ പുലിയന്നൂർ ജംഗ്ഷൻ സന്ദർശിച്ചു.