വൈക്കം : സാമ്പത്തിക ക്രമക്കേട് നടത്തിയ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിന്റെ ചുമതലയുള്ള സബ് ഗ്രൂപ്പ് ഓഫീസർ വിഷ്ണു.കെ ബാബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്.
വിഷ്ണു തിരുപുരം സബ് ഗ്രൂപ്പ് ഓഫീസറായ 2019-22 കാലയളവിലെ ഓഡിറ്റിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ശരിയായ വരുമാനം രജിസ്റ്ററിൽ ഇല്ല. നെൽപറ ടിക്കറ്റിലെ പണം അടച്ചില്ല. കഴിഞ്ഞ മാസം നടത്തിയ ഓഡിറ്റ് അനുസരിച്ച് 1585326 രൂപയാണ് കുറവുള്ളത്. വിഷ്ണു പലിശയടക്കം 2473541 രൂപ ബോർഡിലേക്കടക്കാൻ ഉത്തരവായിരുന്നു. തുടർന്നാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.
വൈക്കത്തിന് സമീപം ആറ് ക്ഷേത്രങ്ങളുടെ ചുമതലയാണ് വിഷ്ണു.കെ.ബാബുവിന് ഉണ്ടായിരുന്നത്. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വടയാർ ഇളങ്കാവ് ദേവീക്ഷേത്രം, തലയോലപ്പറമ്പ് കാർത്യായനീ ക്ഷേത്രം, തിരുപുരം ക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം എന്നിവയാണവ. ഈ ക്ഷേത്രങ്ങളിലെയെല്ലാം കണക്കുകൾ പരിശോധിക്കാൻ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്.