തലയോലപ്പറമ്പ്: യുവാവിനെ ഇന്നോവ കാറിലെത്തി വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആശുപത്രി ഉടമയുടെ ബന്ധു ഉൾപ്പെടെ സ്ഥാപനത്തിലെ ജീവനക്കാരായ നാല് യുവാക്കൾ പിടിയിൽ. കണ്ണൂർ നെടിയങ്ങ ഭാഗത്ത് എബി ജോസ് (36), മുകളേൽ അഭിലാഷ് (35), കണ്ണൂർ വെള്ളാട് കിഴക്കെപ്പുറത്ത് നിധിൻ ജോസഫ് (31), കാസർകോഡ് ചായോത്ത് കുറിഞ്ചിറാപ്പള്ളിൽ അലൻ ജോർജ്ജ് (24) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മറവൻതുരുത്ത് കെ.എസ് മംഗലത്താണ് സംഭവം. കെ.എസ് മംഗലം മൂത്തമ്മാത്തറയിൽ സന്തോഷ് (40) നെ നാലംഗ സംഘം വീട്ടിൽ നിന്നും വലിച്ചിറക്കി ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ട് സന്തോഷിന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും ഇവർ പോയിരുന്നു. തുടർന്ന് ഭാര്യയും മറ്റു ബന്ധുക്കളും പൊലീസിൽ വിവരം അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശത്തെ തുടർന്ന് തലയോലപ്പറമ്പ് എസ്.എച്ച്.ഒ ടി.എസ് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് പാലാ, വൈക്കം എന്നിവിടങ്ങളിൽ നടത്തിയ അന്വോഷണത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ചയോടെ പ്രതികളെ സാഹസികമായി വൈക്കത്ത് നിന്നും പിടികൂടുകയായിരുന്നു. സന്തോഷ് മുൻപ് എറണാകുളം കല്ലൂർകാട് ഭാഗത്തുള്ള സിദ്ധവൈദ്യാശ്രമം ആശുപത്രിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നതായും അവിടെ നിന്ന് ഒന്നര മാസം മുൻപ് ജോലി നിർത്തിപ്പോന്ന സന്തോഷ് വൈദ്യശാലയിൽ നിർമ്മിച്ചു നൽകിയിരുന്ന മരുന്ന് വ്യാജമായി നിർമ്മിച്ച് രോഗികൾക്ക് നൽകി വന്നിരുന്നതിലുള്ള വിരോധമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമന്റ് ചെയ്തു.