manimala-aaaru

മുണ്ടക്കയം : കനത്ത ചൂടിൽ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ജലസ്രോതസായ മണിമലയാർ വറ്റിവരണ്ടതോടെ കുടിവെള്ളം മുട്ടുമോയെന്ന് ആശങ്ക. പല ഭാഗങ്ങളിലും പ്രളയത്തിൽ ഒഴുകിയെത്തിയ പാറക്കൂട്ടങ്ങളും മണൽതിട്ടകളും മാത്രമാണ് അവശേഷിക്കുന്നത്. മണിമലയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. മുണ്ടക്കയം ടൗണിലും പരിസര പ്രദേശങ്ങളിലേക്കും പമ്പ് ചെയ്യുന്നത് വെള്ളനാടി ചെക്കുഡാമിൽ ശേഖരിച്ചിരിക്കുന്ന വെള്ളമാണ്. ഗവൺമെന്റ് ആശുപത്രി യിലേക്കുള്ള ജലവിതരണവും, മുരുകല്ലുംപുറം കുടിവെള്ള പദ്ധതിയും ഇവിടുത്തെ ജലത്തെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. ജലനിരപ്പ് താഴ്ന്നതോടെ ഇവയുടെ പ്രവർത്തനവും അവതാളത്തിലായി.

മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതോടെ താത്കാലിക ഓലികൾ നിർമ്മിച്ച് ജലം ശേഖരിക്കുകയാണ് പ്രദേശവാസികൾ. മണൽമൂടിയ ഭാഗങ്ങളെല്ലാം ചെറിയ ഓലികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മോട്ടോറുകൾ സ്ഥാപിച്ച് വെള്ളം കൊണ്ടുപോകുന്നവരുമുണ്ട്. മുൻ വർഷങ്ങളിൽ വാട്ടർഅതോറിറ്റിയുടെ പ്രധാന കുടിവെള്ള പദ്ധതികളെയാണ് ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്.

പ്രളയത്തിൽ കയങ്ങൾ മൂടി, ആഴം കുറഞ്ഞു

പ്രളയത്തിന് മുൻപ് കടുത്ത വേനലിലും മണിമലയാറിനെ ജലസമൃദ്ധമാക്കിയിരുന്നത് കയങ്ങളായിരുന്നു. പ്രദേശവാസികൾക്ക് കുളിക്കുന്നതിനുും മറ്റ് വീട്ടാവശ്യങ്ങൾക്കും ഇവിടുത്തെ ജലശേഖരത്തെയാണ് ആശ്രയിച്ചിരുന്നത്. വെള്ളം കെട്ടിനിൽക്കുന്നത് സമീപത്തെ കിണറുകളെയും ജലസമൃദ്ധമാക്കിയിരുന്നു. എന്നാൽ പ്രളയാനന്തരം കയങ്ങളെല്ലാം മണൽ വന്നുമൂടി. ഇതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ആറിന്റെ ആഴവും വ്യാപ്തിയും കുറഞ്ഞ് മൈതാനത്തിന് സമാനമായി. ചെറിയ മഴപെയ്താൽ പോലും ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് വെള്ളപ്പൊക്കത്തിനിടയാക്കും. കരാറടിസ്ഥാനത്തിൽ ഏതാനും മാസത്തേയ്ക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് മണൽവാരാൻ അനുമതി നൽകിയാൽ പഞ്ചായത്തുകൾക്ക് വരുമാനവും ഒപ്പം നദികളുടെ ശേഷി വീണ്ടെടുക്കാനും സാധിക്കും. എന്നാൽ ഇതിന് പാറമടലോബി തടസം നിൽക്കുകയാണ്.

ആശ്വാസമായി ചെറുകിട പദ്ധതികൾ

വേനൽ രൂക്ഷമാകമ്പോഴും സാധാരണക്കാർക്ക് ആശ്വാസം പകരുകയാണ് ചെറുകിട കുടിവെള്ള പദ്ധതികൾ. മുണ്ടക്കയം പഞ്ചായത്ത് പരിധിയിൽ തന്നെ നിരവധി പദ്ധതികളാണ് പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക പദ്ധതികൾക്കും ജലസ്രോതസ് കുഴൽക്കിണറുകളാണ്. ചൂട് കനത്താൽ ഇതും അവതാളത്തിലാകുമോയെന്നാണ് ആശങ്ക.