
കോട്ടയം : നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിനെ രക്ഷിക്കാനായി കാക്കനാട്ടെ സ്ഥലം വിറ്റിട്ടും ബാദ്ധ്യത തീരുന്നില്ല. 40 കോടി പ്രതീക്ഷിച്ച സ്ഥലത്തിന് ലഭിച്ചത് 28 കോടിയാണ് . ജീവനക്കാരുടെ ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവ അടയ്ക്കാനാവാതെ ജപ്തി നടപടപടിയായതോടെയാണ് കോടതി നിർദ്ദേശപ്രകാരം കാക്കനാട് വാഴക്കാലായിലെ 2.77 ഏക്കർ സ്ഥലം വിൽക്കാൻ തീരുമാനിച്ചത്.
ആഗോള ടെൻഡർ വിളിച്ചിട്ടും താത്പര്യം പ്രകടിപ്പിച്ചത് ഒരാളാണ്. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും മറ്റു വായ്പാ ബാദ്ധ്യതകളും തീർത്താലും കമ്പനി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാട്ട കുടിശിക, വൈദ്യുതി കുടിശിക ഇനത്തിൽ സർക്കാരിന് നൽകാനുള്ള കോടികൾ എഴുതിത്തള്ളാതെ ഫാക്ടറി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത ഗുരുതര സ്ഥിതിയാണ്.
പാട്ട കുടിശിക എഴുതിത്തള്ളാതെ രക്ഷയില്ല
സംസ്ഥാന സർക്കാർ കോടികളുടെ പാട്ട കുടിശിക എഴുതിത്തള്ളാതെ സ്ഥലം വിറ്റ കാശിൽ പിടിമുറുക്കിയാൽ ഫാക്ടറി അടച്ചു പൂട്ടേണ്ട സ്ഥിതിയാണെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. സമീപകാലത്ത് വിരമിച്ച 38 ജീവനക്കാർക്ക് 1.27 കോടി നൽകാനുണ്ട്. വിരമിച്ച ദിവസം കണക്കാക്കി ഈ തുകയ്ക്ക് പത്തു ശതമാനം പലിശ കൂടി നൽണമെന്ന് കഴിഞ്ഞ ദിവസം കോട്ടയം ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറി നടപടി നേരിടേണ്ടി വരും. വരും ദിവസങ്ങളിലും മറ്റു ജീവനക്കാർ നൽകിയ പരാതിയിലും നടപടിയുണ്ടാകും.
കാലാകാലങ്ങളിൽ ഭരിച്ച സിമന്റ്സ് മാനേജ്മെന്റിന്റെ അലംഭാവവും കെടുകാര്യസ്ഥതയാണ് സ്ഥലം വിറ്റു കടം വീട്ടേണ്ട പ്രതിസന്ധി ഉണ്ടാക്കിയത്. പാട്ട കുടിശിക എഴുതിത്തള്ളുമെന്നാണ് പ്രതീക്ഷ.
അഡ്വ.വി.ബി.ബിനു (ജനറൽ സെക്രട്ടറി ,സിമന്റ്സ് വർക്കേഴ്സ് യൂണിയൻ)