
കോട്ടയം : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സർക്കാർ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയർന്ന റാങ്കായ എ പ്ലസ് പ്ലസ് ഗ്രേഡ് 40 വർഷം തികയുന്ന എം.ജി യൂണിവേഴ്സിറ്റിയ്ക്കുള്ള പിറന്നാൾ സമ്മാനമായി. കേരള യൂണിവേഴ്സിറ്റിയ്ക്ക് പിന്നാലെയാണ് എം.ജിയും ഈ നേട്ടത്തിലെത്തിയത്. എ പ്ളസ് ഗ്രേഡാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക്. എ ഗ്രേഡായിരുന്ന എം.ജി എപ്ളസ് പ്ളസിലേയ്ക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു മുതൽ ഏഴ് വരെയുള്ള തീയതികളായിരുന്നു നാക് സംഘത്തിന്റെ സന്ദർശനം. 2017 ജൂലായ് മുതൽ 22 ആഗസ്റ്റ് വരെ അഞ്ചു വർഷത്തെ നേട്ടങ്ങളാണ് പരിഗണിച്ചത്. കരിക്കുലം, അദ്ധ്യാപനം , പഠനം, വിലയിരുത്തലുകൾ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, റിസോഴ്‌സസ്, സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ, ഓർഗനൈസേഷൻ, ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്, മികച്ച പ്രവർത്തനങ്ങൾ എന്നിവയായിരുന്നു മാനദണ്ഡം. ഇതിൽ റിസർച്ച് ഇന്നവേഷൻ എക്കോ സിസ്റ്റവും, വിവിധ പ്രോഡക്ടുകൾ വില്പനയ്ക്ക് എത്തിക്കുന്നും പുതുപ്പള്ളി എസ്.എം.ഐ ക്യാമ്പസിലെ കൊവിഡ് പരിശോധനാ സംവിധാനവും വിവിധ പേറ്റന്റുകൾ നേടാനായതും മാലിന്യ സംസ്കരണം ഉൾപ്പെടെ മേഖലകളിലെ നേട്ടവും പ്രത്യേകം ഗുണകരമായി.
2020ലെ ചാൻസലർ അവാർഡിൽ ഒന്നാം റാങ്ക്
2021ലെ എ.ആർ.ഐ.ഐ.എ അവാർഡിൽ മൂന്നാം റാങ്ക്
ദേശീയ റാങ്കിൽ 30 -ാം സ്ഥാനം
ദി വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ 15ാം റാങ്ക്
ഇന്റർ നാഷണൽ റാങ്കിംഗ് ലെവൽ 500-600
ഖത്തറിൽ ഈ വർഷം മുതൽ പുതിയ കാമ്പസ് ആരംഭിക്കുന്നു
ഓൺലൈൻ ഡിഗ്രി കോഴ്‌സുകൾക്ക് യു.ജി.സി അംഗീകാരം
ഇന്നവേഷൻ ഹബ്, അപ്ലൈഡ് ഷോർട്ട് ടേം കോഴ്‌സുകൾ
ഗ്രേഡിന്റെ ഗുണങ്ങൾ
കൂടുതൽ ഗ്രാന്റുകൾ ലഭ്യമാകും
വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാം
അന്താരാഷ്ട്ര പ്രശസ്തി
ഒരു ഗ്രാമാന്തരീക്ഷത്തിലുള്ള യൂണിവേഴ്സിറ്റി അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയരുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ഗുണകരമാണ്.
ഡോ.സി.ടി.അരവിന്ദ് കുമാർ, പ്രോ വൈസ് ചാൻസലർ