acdnt

പാലാ : പതിവുതെറ്റിച്ചില്ല, പുലിയന്നൂർ ബൈപ്പാസിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതോടെ അധികാരികളുടെ യോഗം ചേരലായി. അടിയന്തിര ഗതാഗത ക്രമീകരണ നിർദ്ദേശങ്ങളായി. ഇവയൊക്കെ വീണ്ടും രണ്ട് ദിവസംകൂടി കാണും. വീണ്ടും പഴയപടിയാകില്ലെന്ന് ആരുകണ്ടു.

ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരണമടഞ്ഞതിനെ തുടർന്നാണ് ഇന്നലെ പാലാ നഗരസഭയിൽ ചെയർമാൻ ഷാജു വി. തുരുത്തന്റെ അദ്ധ്യക്ഷതയിലും, മാണി സി. കാപ്പൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിലും അടിയന്തിരമായി ഗതാഗത ഉപദേശക സമിതി യോഗംചേർന്നത്.

പ്രധാന തീരുമാനം ബൈപ്പാസിൽ വൺവേ ഏർപ്പെടുത്തുകയാണ്. ഇതോടൊപ്പം പാലാ നഗരത്തിലും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയുള്ള പത്തിന തീരുമാനങ്ങൾ അവതരിപ്പിച്ചു. പാലാ ആർ.ഡി.ഒ കെ.പി. ദീപ, ജനപ്രതിനിധികളായ ബൈജു കൊല്ലംപറമ്പിൽ, ജിമ്മിജോസഫ്, മായാ പ്രദീപ്, രഞ്ജിത്ത് മീനാഭവൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

താത്കാലികമായി ട്രാഫിക് സൈൻബോർഡുകൾ

പാലാ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേയ്ക്ക്‌ പോകുന്ന വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേ വഴി നേരേ പോകണം

കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പുലിയന്നൂർ കാണിക്കമണ്ഡപത്തിന് സമീപത്തു നിന്ന് മരിയൻ ജംഗ്ഷൻ വഴി എസ്.എച്ച്‌ ഹോസ്റ്റലിന് മുന്നിലൂടെ സ്റ്റേറ്റ് ഹൈവേയിൽ കടന്ന് പാലായ്ക്ക് വരണം

ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങൾ മരിയൻ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്.എച്ച്‌ ഹോസ്റ്റലിന് സമീപം വന്നശേഷം വലത്തോട്ട് തിരിഞ്ഞ്‌ കോട്ടയം ഭാഗത്തേയ്ക്ക്‌ പോകണം

പാലാ ഭാഗത്തു നിന്ന് മരിയൻ സെന്ററിലേയ്ക്ക് വരുന്ന വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേ വഴി വന്ന് പുലിയന്നൂർ പാലത്തിനു മുമ്പായി വലത്തോട്ട് തിരിഞ്ഞ് മരിയൻ സെന്ററർ ഭാഗത്തേയ്ക്ക്‌ പോകണം

പുലിയന്നൂർ അമ്പലം ഭാഗത്തു നിന്ന് കോട്ടയത്തിന് പോകേണ്ട വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ബൈപ്പാസിൽ പ്രവേശിച്ച് എസ്.എച്ച്‌ ഹോസ്റ്റൽ ജംഗ്ഷനിൽ വന്ന് സ്റ്റേറ്റ് ഹൈവേയിൽ പ്രവേശിക്കണം

പാലാ ഭാഗത്തു നിന്ന് പുലിയന്നൂർ അമ്പലം ഭാഗത്തേയ്ക്ക്‌ പോകുന്ന വാഹനങ്ങൾ കാണിയ്ക്കമണ്ഡപത്തിന് സമീപത്തു നിന്ന് വലത്തോട്ട് തിരിഞ്ഞ്‌ പോകണം

കോട്ടയം ഭാഗത്തു നിന്നും പാലാ ഭാഗത്തേയ്ക്ക് വരുന്ന ബസുകൾ അരുണാപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന്റെ പുറകിൽ നിറുത്തി ആളുകളെ ഇറക്കേണ്ടതും, പാലാ ഭാഗത്തു നിന്നും വരുന്ന ബസുകൾ പുലിയന്നൂർ കാണിക്കമണ്ഡപത്തിന് സമീപത്തുള്ള സ്റ്റോപ്പിൽ നിറുത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം

പാലാ കെ.എം.മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെ റോഡിന്റെ ഇടതു വശത്തു മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലും റോഡിന്റെ ഇടതു വശത്തു മാത്രം പാർക്ക് ചെയ്യാം

റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാഴ്ച മറച്ച എല്ലാ ബോർഡുകളും നീക്കം ചെയ്യണം