പാലാ: കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രം സ്ഥാപിതമായിട്ട് മാർച്ച് 28ന് നൂറ് വർഷം പൂർത്തിയാകും. 101ാമത് പ്രതിഷ്ഠാദിന മഹോത്സവം വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് ശാഖാ നേതാക്കളായ സുകുമാരൻ പെരുമ്പ്രായിൽ സന്തോഷ് കിഴക്കേക്കര, സുധാകരൻ വാളിപ്ലാക്കൽ എന്നിവർ അറിയിച്ചു.
ശിവഗിരി ശാരദാമഠത്തിന്റെ മാതൃകയിൽ അഷ്ടകോണാകൃതിയിൽ നിർമ്മിച്ച ശ്രീകോവിലിൽ 1924 മാർച്ച് 28ന് ശ്രീസുബ്രഹ്മണ്യ വേലും ഗുരുദേവ ചിത്രവും നരസിംഹസ്വാമികളാണ് പ്രതിഷ്ഠിച്ചത്. കൊപ്രത്ത് ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള പ്രശസ്ത വാഗ്മികളുടെ സാന്നിദ്ധ്യവും പ്രഭാഷണങ്ങളും അന്നുണ്ടായിരുന്നു. വണ്ടന്നൂർ ഇട്ടിപ്പണിക്കർ പ്രസിഡന്റും സി.ആർ.കേശവൻ വൈദ്യർ സെക്രട്ടറിയുമായിരുന്ന ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ക്ഷേത്രസ്ഥാപനം.
2007 മാർച്ച് 28ന് പറവൂർ ശ്രീധരൻ തന്ത്രിയുടെ പ്രശ്‌നവിധിപ്രകാരം ശ്രീകോവിലിൽ ശ്രീസുബ്രഹ്മണ്യ വിഗ്രഹവും പുതുതായി നിർമ്മിച്ച ശ്രീകോവിലിൽ ഗുരുദേവ വിഗ്രഹവും പ്രതിഷ്ഠിച്ചതാണ് ഇപ്പോഴുള്ള ക്ഷേത്രം. പുളിക്കച്ചാലിൽ ശങ്കരൻ തന്ത്രികളുടെ നേതൃത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠ. അന്നുമുതലാണ് മൂന്നുനേരം പൂജ, കുംഭപ്പൂയം ആറാട്ടായി ഉത്സവം, മാസഷഷ്ഠിപൂജ, ചതയപ്രാർത്ഥന, ചൊവ്വാഴ്ച തോറും കാര്യസിദ്ധി പൂജ എന്നിവയാരംഭിച്ചത്. പുതുതായി പാനക പൂജയും ക്ഷേത്രത്തിൽ ആരംഭിക്കുകയാണ്. എല്ലാ മലയാള മാസത്തിലെയും ആദ്യ ചൊവ്വാഴ്ചകളിലാണ് ഈ പൂജ. ഇത്തവണ 19ന് ആദ്യ പാനക പൂജ നടക്കും. മുന്തിരിങ്ങാപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ഇലന്തപ്പഴം, മാതളത്തിൻപഴം എന്നിവ സമം കൂട്ടിയരച്ച് വെള്ളത്തിൽ കലക്കി ഒരു രാത്രി വച്ചിരുന്ന് അരിച്ചെടുക്കുന്നതാണ് പ്രധാന പാനകം. 28ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9 ന് കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, ശ്രീബലി എഴുന്നള്ളത്ത്, 12.30ന് പ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.