
കോട്ടയം : എൻ.ഡി.എ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ കോട്ടയം മണ്ഡലം ത്രികോണച്ചൂടിലേയ്ക്ക് ഉയരും. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിരക്കിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് പിറവം മണ്ഡലത്തിലെ കൺവെൻഷൻ പൂർത്തിയാക്കിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഉദയനാപുരം മേഖലകളിലായിരുന്നു.
വോട്ടോട്ടത്തിൽ ഫ്രാൻസിസ് ജോർജ്
കനത്ത ചൂടിന് മേലെ സ്ഥാനാർത്ഥിയും പ്രവർത്തകരും ആവേശച്ചൂടിലാണ്. രാവിലെ കൂത്താട്ടുകുളം രാജീവ് സ്‌ക്വയറിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ കാണാനും ആശംസകൾ അറിയിക്കാനും എത്തിയത്. പുഷ്പാർച്ചനയ്ക്ക് ശേഷം വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഇയൊറിലെ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യയിലെ ജീവനക്കാരെ സന്ദർശിച്ചു. കുശലാന്വേഷണങ്ങൾക്ക് ശേഷം വോട്ട് അഭ്യർത്ഥിച്ചാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ജുമാ മസ്ജിദ് സന്ദർശിച്ചു. മേരിഗിരി സി എം ഐ ആശ്രമം, കൂത്താട്ടുകുളം ടൗൺ യൂദാശ്ലീഹാ പള്ളി, ദേവമാതാ ആശുപത്രി, ദേവമാതാ ആശ്രമം എന്നിവടങ്ങളിലും സന്ദർശനം നടത്തി.
പൊതുപരിപാടികളിൽ നിറഞ്ഞ് ചാഴികാടൻ
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാൾ സൗഹൃദ സന്ദർശനങ്ങളിലും പൊതുപരിപാടികളികളിലും തോമസ് ചാഴികാടൻ സജീവമായിരുന്നു. ഉദയനാപുരം ഈസ്റ്റിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് വൈക്കം നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യർത്ഥിച്ചു. കോടതിയിലെത്തി അഭിഭാഷകരോടും ബി.എസ്.എൻ.എൽ ഓഫീസിലെത്തി ഉദ്യോഗസ്ഥരോടും വോട്ട് ചോദിച്ചു. താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ എത്തിയ സ്ഥാനാർത്ഥിയെ ആളുകൾ സ്വീകരിച്ചു. ബോട്ടിൽ കയറിയും വോട്ടഭ്യർത്ഥന. പിന്നീട് തലയോലപ്പറമ്പ് ശ്രീ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലേക്ക്. ഭക്തരെ കണ്ട് വോട്ടും ചോദിച്ച് ഉത്സവാശംസകളും നേർന്നാണ് മടങ്ങിയത്.