മുട്ടുചിറ-എഴുമാന്തുരുത്ത് റോഡ് നിർമ്മാണം രണ്ടാം തവണയും മുടങ്ങി
കടുത്തുരുത്തി: നിർമ്മാണ ഉദ്ഘാടനമൊക്കെ അടിപൊളി. പിന്നെ റോഡിൽ എന്തുചെയ്തു എന്ന് മാത്രം ചോദിക്കരുത്. മുട്ടുചിറ-എഴുമാന്തുരുത്ത് റോഡിലേക്ക് നോക്കിയാൽ കാര്യം പിടികിട്ടും. ആകെ കുണ്ടും കുഴിയും... മുട്ടചിറ-എഴുമാന്തുരുത്ത് റോഡ് നിർമ്മാണം രണ്ടാം തവണയും മുടങ്ങിയ നിലയിലാണ്. 2022 ഏപ്രിൽ 24ന് മന്ത്രി മുഹമ്മദ് റിയാസാണ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. ജർമ്മൻബാങ്ക് സഹായത്തോടെ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പക്ഷേ ഒന്നുമുണ്ടായില്ല. 117 കോടി രൂപയാണ് അനുവദിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡ് ആധുനികവത്ക്കരണത്തിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നിലവിലെ ടാറിംഗ് പൊളിച്ചതോടെ വാഹനഗതാഗതവും തടസപ്പെട്ടു. കാൽനടയാത്രപോലും അസാധ്യം. യന്ത്രസാമിഗ്രികൾ തിരികെകൊണ്ടുപോകാനുള്ള കരാറുകാരന്റെ ശ്രമം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തടഞ്ഞിരുന്നു.
റോഡിന്റെ ദൈർഘ്യം: 22.476 കിലോമീറ്റർ
കടുത്തുരുത്തി.വൈക്കം നിയോജകമണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മുട്ടുചിറ, എഴുമാന്തുരുത്ത്, വടയാർ,
പാലാംകടവ്,കല്ലാട്ടിപ്പുറം,വെള്ളൂർ എന്നിവിടങ്ങളിലായി റോഡിന്റെ നിർമ്മാണം കെ.എസ്.ടി.പി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനായിരുന്നു പദ്ധതി.
രണ്ട് വർഷം, ദുരിതയാത്ര
കടുത്തുരുത്തി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടു സ്ഥലങ്ങളിൽ കലിങ്കുകളും ഓടകളും നിർമ്മിക്കുകയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു നിലവിലുണ്ടായിരുന്ന ടാറിംഗ് പൊളിച്ചതൊഴിച്ചാൽ മറ്റു ജോലികൾ ഒന്നും നടന്നിട്ടില്ല. കരാറുകാരന് യഥാസമയം പണം നൽകാത്തതാണ് നിർമ്മാണം മുടങ്ങാൻ കാരണം. രണ്ട് വർഷമായി യാത്രക്കാർ വലയുകയാണ്. റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരവും നടന്നിരുന്നു.
മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുക ഉടൻ അനുവദിക്കാമെന്നും അറിയിച്ചിരുന്നു. സമയത്ത് പണം ലഭിക്കാതെ വന്നതോടെ പണി നിറുത്തി വച്ചിരിക്കുകയാണ്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങും.
മോൻസ് ജോസഫ് എം.എൽ.എ
ചിത്ര വിവരണം
എഴുമാന്തുരുത്ത് റോഡ് തകർന്ന നിലയിൽ