kottayam

രാജ്യത്തുതന്നെ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലമാണ് കോട്ടയം. എൽ.ഡി.എഫിലെ സിറ്റിംഗ് എം.പി തോമസ് ചാഴികാടനെയാണ് കേരള കോൺഗ്രസ് രംഗത്തിറക്കിയത്. രണ്ടാഴ്ചകഴിഞ്ഞപ്പോൾ യു.ഡി.എഫിലെ ഫ്രാൻസിസ് ജോർജും സ്ഥാനാർത്ഥിക്കുപ്പായമണിഞ്ഞു. രണ്ടു കേരള കോൺഗ്രസുകൾക്കിടയിലേക്ക് ലേറ്റായാലും ലേറ്റാസ്റ്റായി വരുവേനെന്ന് പറയുന്നതുപോലെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വരവ്. ത്രികോണപ്പോരായിരിക്കുമെന്നതിൽ സംശയമില്ല. റബർ വില മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെചർച്ചയാകുന്ന മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികളും നയം വ്യക്തമാക്കുന്നു.

മത്സരിക്കുന്നത് അഭിമാനത്തോടെ: തോമസ് ചാഴികാടൻ

കഴിഞ്ഞ അഞ്ചുവർഷം എം.പിയെന്ന നിലയിൽ നൂറു ശതമാനം ഫണ്ട് വിനിയോഗിച്ച ഒരേ ഒരാളെന്നതാണ് എന്റെ അഭിമാനം. ലഭിച്ച 16.80 കോടിയും ചെലവഴിച്ചു. ഒരുരൂപ പോലും നഷ്ടപ്പെടുത്താതെ പദ്ധതികളിൽ കൃത്യമായ ഫോളോഅപ് നടത്തി. പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 92 കിലോമീറ്റർ റോഡ് നിർമ്മിക്കാനോ ടെൻഡർ നടപടികളിലേക്ക് കടക്കാനോ കഴിഞ്ഞു. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് ക്യാമ്പുകൾ നടത്തി. 200 ഓളം പേർക്ക് സൗജന്യ ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെ പാർലമെന്റിൽ പോരാടി. മണിപ്പൂരിൽ ആദ്യമെത്തി അവിടത്തെ സ്ഥിതിഗതികൾ പാർലമെന്റിൽ അവതരിപ്പിച്ചു. ദളിത് ക്രൈസ്തവരുടെ പ്രതിസന്ധി പാർലമെന്റിൽ ഉന്നയിച്ച ഏക എം.പി ഞാനാണ്.

വിധിയെഴുത്ത് സർക്കാരുകൾക്കെതിരെ: ഫ്രാൻസിസ് ജോർജ്
രണ്ടാംഘട്ട പ്രചാരണങ്ങളിലേക്ക് കടക്കുമ്പോൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. റബർ, നെൽ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു. ശമ്പളം മുടങ്ങിയതും സർക്കാരിന്റെ ധൂർത്തും വീഴ്ചകളുമാണ് ജനങ്ങളുടെ അമർഷത്തിന് കാരണം. കേന്ദ്ര സർക്കാർ നയങ്ങളിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ട്. ട്രാവൻകൂർ സിമന്റ്സിനെ പുനരുജ്ജീവിപ്പിക്കാൻ സമഗ്രമായ പദ്ധതി മനസിലുണ്ട്. കേന്ദ്ര കായിക മന്ത്രാലയവുമായി ചേർന്ന് ചിങ്ങവനത്ത് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി പൂർത്തിയാക്കും. കോട്ടയത്തെ ഹെറിറ്റേജ് പദ്ധതിയായി ഉയർത്തും. വെള്ളൂർ ന്യൂസ് പ്രിന്റ് ക്യാമ്പസിൽ എയിംസ് എത്തിക്കാൻ ശ്രമിക്കും. ടൂറിസം മേഖലയിലെ പരമാവധി പ്രയോജനപ്പെടുത്തും. കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് തിരുവിതാംകൂർ- കൊച്ചിൻ ടൂറിസം സർക്യൂട്ട് കൊണ്ടുവരാൻ പരിശ്രമിക്കും.

വോട്ട് വികസനത്തിന്: തുഷാർ

നൂറ് ശതമാനം വിജയം ഉറപ്പാണ്. മോദിയുടെ വികസന കാഴ്ചപ്പാടിനാണ് വോട്ട്. കഴിഞ്ഞ തവണത്തെരാഷ്ട്രീയ സാഹചര്യമല്ല ഇക്കുറി. റബർ വില ഉയർത്തുന്നത് സംബന്ധിച്ച് എൻ.ഡി.എ ദേശീയ നേതൃത്വവുമായി സംസാരിച്ചു. 250 രൂപയാക്കി ഉയർത്താമെന്ന് കേന്ദ്രമന്ത്രിമാരുടെ ഉൾപ്പെടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. വില വർദ്ധനയുടെ പ്രയോജനം സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ലഭിക്കും. രാജ്യം മുഴുവൻ മോദിക്കൊപ്പം നിൽക്കുമ്പോൾ കോട്ടയത്തിന് മാത്രം മാറി ചിന്തിക്കാനാവില്ല. കുമരകം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് അടുത്ത ലക്ഷ്യം. ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസത്തിനു വലിയ സാദ്ധ്യതയുണ്ട്. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ടും നടപ്പാക്കുകയാണ് ലക്ഷ്യം. ബി.ഡി.ജെ.എസിന്റേയും ബി.ജെ.പിയുടേയും സംഘടന സംവിധാനം ഗുണകരമാവും. 25 വർഷമായി കോട്ടയവുമായി അടുത്ത ബന്ധമുണ്ട്. മത മേലദ്ധ്യക്ഷൻമാരും സമുദായ നേതാക്കളുമായും സാധാരണക്കാരുമായുമുള്ള വ്യക്തി ബന്ധം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.