ldf

കോട്ടയം : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ആവേശം ഉച്ചസ്ഥായിലായി. മൂന്ന് സ്ഥാനാർത്ഥികളും കളത്തിലിറങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ സൗഹൃദ സന്ദർശനങ്ങളിൽ മുഴുകിയപ്പോൾ, എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വ്യക്തിപരമായി ബന്ധമുള്ളവരെ കാണാനുള്ള തിരക്കിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ തോമസ് ചാഴികാടന് വൻസ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. വളരെ നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തീകരിച്ചത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. എന്നും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. 4100 കോടി രൂപയുടെ വികസനം അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ എത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കുമരകത്ത് വാർഡ് കൺവെൻഷനുകളിലും, കോട്ടയത്ത് നടന്ന അഭിഭാഷക സംഗമത്തിലും പങ്കെടുത്തു. നേരത്തെ പുതുപ്പള്ളി, പിറവം, ആരക്കുന്നം മേഖലകളിലും സൗഹൃദ സന്ദർശനം നടത്തി.


 റോഡ് ഷോയിലേയ്ക്ക് തുഷാർ

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ഉടനെ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ മതമേലദ്ധ്യക്ഷന്മാരെയും ആത്മീയ സാമുദായിക നേതാക്കളെയും സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. തുഷാർ വെള്ളാപ്പള്ളി ഇന്ന് പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് എൻ.ഡി.എ ജില്ലാ ചെയർമാൻ ലിജിൻലാൽ അറിയിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനസമക്ഷം അവതരിപ്പിക്കുകയാണ് ലക്ഷ്യം. നാളെ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയോടെ പരസ്യപ്രചാരണത്തിന് തുടക്കമാകും. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് തിരുനക്കരയിലേക്കാണ് റോഡ് ഷോ. എൻ.ഡി.എ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.