പൈപ്പ് പൊട്ടി ഒഴുകുന്നു, കടുത്തുരുത്തിയിൽ കുടിവെള്ളമില്ല
കടുത്തുരുത്തി: വെള്ളമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ അത് പൈപ്പിൻചുവട്ടിലെ കന്നാസുകളിലേക്ക് എത്തുന്നില്ലെന്ന് മാത്രം. കാരണം വഴിനീളെ പൈപ്പ് പൊട്ടി കുടുവെള്ലം പാഴാകുകയാണ്. ഇതെല്ലാം കണ്ടിട്ടും വാട്ടർ അതോറിട്ടി അധികൃതർക്ക് അനങ്ങാപ്പാറ നയം. എഴുമാന്തുരുത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആളുകൾ പരാതി പറഞ്ഞുമടുത്തു. പൈപ്പിലൂടെ ഒരാഴ്ചയായി വെള്ളമെത്തുന്നില്ല. അത്രകണ്ട് വലഞ്ഞുപോകുമെന്ന് സാരം. ചിലപ്പോൾ നൂൽവണ്ണത്തിൽ വെള്ളമെത്തും. പക്ഷേ പാത്രം നിറയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. ഈ മേഖലകളിൽ വെള്ളം എത്തുന്നത് വെള്ളൂർ വെളിയന്നൂർ കുടിവെള്ളപദ്ധതിയിൽ നിന്നാണ്. എന്നാൽ പൈപ്പ് പലസ്ഥലങ്ങളിലും പൊട്ടിയനിലയിലാണ്. വെള്ലം പാഴാകുന്നത് മാത്രം മിച്ചം. വാലാച്ചിറ പുതുശ്ശേരിക്കര റോഡിൽ ഷാപ്പിന് സമീപത്തെ പാലത്തിൽ പുതിയതായി സ്ഥാപിച്ച പൈപ്പിലെ എയർവാൽവിലൂടെ അഞ്ച് ദിവസമായി വെള്ളം പാഴാകുന്നുണ്ട്.
പാഴാകുന്ന വെള്ളത്തിന് കണക്കില്ല
കുടിവെള്ളം വീടുകളിലേക്ക് എത്തുന്നില്ലായെങ്കിലും ആപ്പുഴ പാലത്തിന് സമീപവും തീരദേശ റോഡിൽ സണ്ണിപ്പാലത്തിന് സമീപവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് എയർവാൽവുകൾ വഴി മാസങ്ങളായി ഒഴുകിപോകുന്നത്. വിവരം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരനക്കവുമില്ല.
സമീപത്തെ തോട്ടുകളിൽ പോള ചീഞ്ഞു അഴുകിയതിനാൽ ഈ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. ഈ പോള മാറ്റാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടിയില്ല.
പ്രതിസന്ധി രൂക്ഷം
എഴുമാന്തുരുത്ത്, ആയാംകുടി, പുതുശ്ശേരിക്കര പ്രദേശങ്ങളിൽ
വിഷയത്തിൽ അടിയന്തിര നടപടിയുണ്ടാകണം. വാട്ടർ അതോറിട്ടി അധികൃതർ ഉണർന്ന് പ്രവർത്തിച്ച് പ്രശ്നപരിഹാരമുണ്ടാക്കണം
പ്രദേശവാസി
ചിത്ര വിവരണം.
വെള്ളത്തിനായി പൈപ്പിൻ ചുവട്ടിൽ നിരത്തി വച്ചിരിക്കുന്ന പാത്രങ്ങൾ