election

കോട്ടയം : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറയുന്തോറും അണിയറയിൽ തന്ത്രങ്ങൾ മുറുകുകയാണ്. ഒരു വോട്ടും പാഴാകാതെ ജയം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഭവന സന്ദർശനങ്ങളും റോഡ് ഷോയും കൺവെൻഷനുകളുമൊക്കെയായി വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. വരും ദിവസങ്ങളിൽ കേന്ദ്ര - സംസ്ഥാന മന്ത്രിമാരും നേതാക്കളും മണ്ഡലത്തിൽ നിറയും. പെസഹ വ്യാഴം മുതൽ ഈസ്റ്റർ വരെയും റംസാൻ നാളിലും അവധി നൽകിയുള്ള പ്രചാരണ പരിപാടികളെക്കുറിച്ചാണ് മുന്നണികളുടെ ആലോചന. തിരഞ്ഞെടുപ്പ് തീയതി പ്രതീക്ഷിച്ചതിലും നീണ്ടുപോയതോടെ മുൻ ഷെഡ്യൂളുകളെല്ലാം തിരുത്തേണ്ട അവസ്ഥയുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഇളക്കി മറിക്കാൻ വി.ഐ.പികളും

ദേശീയ നേതാക്കളെ പരമാവധി എത്തിക്കാനുള്ള ശ്രമമാണ് മൂന്നു മുന്നണികളും നടത്തുന്നത്. എന്നാൽ ആരൊക്കെ എത്തുമെന്ന കാര്യത്തിൽ ഒരു മുന്നണിയിലും അന്തിമ തീരുമാനമായിട്ടില്ല. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കായി കേന്ദ്രമന്ത്രിമാരെ എത്തിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എൽ.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാർത്ഥികൾ ചെറു റോഡ്‌ ഷോകളും പാർലമെന്റ് മണ്ഡലം കൺവെൻഷനും പൂർത്തിയാക്കിയിരുന്നു. പാലായിൽ ഇന്നലെ പ്രചാരണം നടത്തിയ തുഷാർ ഇന്ന് കോട്ടയത്ത് റോഡ് ഷോയോടെ പൂർണമായി കളത്തിലിറങ്ങും.

ചൂട് താങ്ങാനാകുന്നില്ല
പ്രചാരണത്തിന്റെ തുടക്കം മുതൽ കഠിനമായ വെയിൽ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും അലോസരപ്പെടുത്തുന്നുണ്ട്. പൊരിഞ്ഞ വെയിലിൽ വിശ്രമമില്ലാത്ത ഓട്ടം സ്ഥാനാർത്ഥികളുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് പണത്തിന്റെ ഞെരുക്കം മുന്നണികൾക്ക് ബാദ്ധ്യതയാകുക.