
ചിറക്കടവ് : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്.ആർ.വി സ്‌കൂൾ ജംഗ്ഷനിൽ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു. എസ്.ആർ.വി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, സനാതനം യു.പി. സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് കാഞ്ഞിരപ്പള്ളി എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും തുക അനുവദിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, സനാതനം യു.പി. സ്‌കൂൾ പ്രധാനാദ്ധ്യാപിക പ്രീത വി.നായർ, ഷാജി നല്ലേപ്പറമ്പിൽ, പി. പ്രജിത്, രാഹുൽ ബി.പിള്ള, പ്രശാന്ത് വി. എന്നിവർ പ്രസംഗിച്ചു.