election

കോട്ടയം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗമേറിയതോടെ മൂന്ന് സ്ഥാനാർത്ഥികളും ഓട്ടപ്പാച്ചിൽ തുടങ്ങി. കൺവെൻഷനുകൾക്കൊപ്പം വ്യക്തിപരമായ വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ.

ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പര്യടനം രാത്രി വൈകി കുടുംബയോഗത്തോടെയാണ് സമാപിച്ചത്. ഇന്നലെ രാവിലെ സ്വന്തം ഇടവക പള്ളിയായ സേക്രഡ് ഹാർട്ട് ക്‌നാനായ ദേവാലയത്തിൽ കുർബാനയിൽ പങ്കെടുത്തു. ഊട്ട് നേർച്ചയിൽ പങ്കെടുക്കാനെത്തിയ ഫ്രാൻസിസ് ജോർജിന് ആതിഥേയന്റെ കടമയോടെ തോമസ് ചാഴികാടൻ നേർച്ച വിളമ്പി നൽകി. കാരിത്താസിലെ പ്രവാസി മീറ്റിനും സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. എല്ലായിടത്തും കഴിഞ്ഞ കാലങ്ങളിൽ ചെയ്ത വികസനം മാത്രം ഓർമ്മിപ്പിച്ച് വോട്ട് ചോദ്യം. എം.പി ഫണ്ട് കിട്ടാത്ത പഞ്ചായത്തുകൾ ഒന്നുമില്ലാത്തിനാൽ വികസനം ചൂണ്ടിക്കാണിച്ചാണ് വോട്ടഭ്യർത്ഥന. രാത്രി വൈകി കോട്ടയം പടിഞ്ഞാറേക്കരയിൽ കുടുംബ സംഗമത്തോടെ ഇന്നലത്തെ പര്യടനത്തിന് സമാപനമായി. ഇന്നും മണ്ഡലം കൺവെൻഷനുകൾ തുടരും.

 വിശ്വാസികൾക്കൊപ്പം ഫ്രാൻസിസ് ജോർജ്

സേക്രഡ് ഹാർട്ട് ക്‌നാനായ ദേവാലയത്തിലെ മുതിർന്ന വോട്ടറായ 90 വയസുള്ള കുട്ടിയച്ചൻ എന്ന പി.കെ തോമസ് ഇരു കൈകളും ഫ്രാൻസിസ് ജോർജിന്റെ ശിരസിൽ വച്ച് അനുഗ്രഹിച്ചു.

പള്ളിയിലെത്തിയ ഇടവകയിലെ പുതിയ വോട്ടർമാരുമായി സ്ഥാനാർത്ഥി സംവദിച്ചു. ഊട്ടു നേർച്ചക്കെത്തിയ എതിർ സ്ഥാനാർത്ഥി തോമസ് ചാഴികാടനുമായി അല്പനേരം കുശലാന്വേഷണങ്ങൾക്ക് ശേഷമാണ് മടങ്ങിയത്.

തുടർന്ന് സംക്രാന്തി ലിറ്റിൽ ഫ്‌ളവർ പള്ളി, പാക്കിൽ കാരമൂട് പള്ളി, പാലായിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്ന് വൈകുന്നേരം പിറവം, വൈക്കം മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് ഇലക്ഷൻ കമ്മറ്റി ഓഫീസ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 2.30 ന് കടുത്തുരുത്തി നിയോജക മണ്ഡലം കൺവെൻഷൻ ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ കോൺഗ്രസ് ദേശീയ വർക്കിംഗ് കമ്മറ്റി മെമ്പറും കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാനുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

 തുഷാറിന്റെ റോഡ് ഷോ ഇന്ന്

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് റോഡ് ഷോയോടെ തുടക്കമാകും. വൈകിട്ട് നാലിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. മുൻ കേന്ദ്രമന്ത്രിയും ബി.ജെ. പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ, എൻ.ഡി.എ കേരള ഘടകം ചെയർമാൻ കെ സുരേന്ദ്രൻ, മറ്റ് സംസ്ഥാന, ജില്ലാ നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ റോഡ് ഷോയുടെ ഭാഗമാകും. റോഡ് ഷോ തിരുനക്കരയിൽ സമാപിക്കും. റോഡ് ഷോ വൻ വിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എൻ.ഡി.എ ജില്ലാ ചെയർമാൻ ജി.ലിജിൻലാൽ അറിയിച്ചു.

അവധി ദിനത്തിന്റെ ആലസ്യത്തിലും ആദ്യദിവസത്തെ സമ്പർക്ക പരിപാടിക്ക് അപ്രതീക്ഷിത സ്വീകരണമാണ് തുഷാറിന് എങ്ങും ലഭിച്ചത്. മണ്ഡലത്തിൽ ഒരു കുടുംബാംഗത്തെ പോലെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പാലാ മണ്ഡലത്തിലെ വിവിധ മത അദ്ധ്യക്ഷന്മാരുമായി അനുഗ്രഹ കുടിക്കാഴ്ചകൾ നടത്തി. വിവിധ കുടുംബങ്ങളും സന്ദർശിച്ചു. പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിനെ പാലാ ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അനുഗ്രഹം തേടി. ഫാ. തടത്തിൽ ജോസഫ് , തുഷാറിന്റെ പത്‌നി ആശാതുഷാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാലായിലെ പ്രമുഖ ക്രിസ്തീയ കുടുംബമായ മുണ്ടയ്ക്കൽ കുടുംബാംഗങ്ങളൊരുക്കിയ സ്‌നേഹ വിരുന്നിലും പങ്കെടുത്തു.