
കുറുപ്പന്തറ: ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിന് തീപിടിച്ചു. ഞായറാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. മാഞ്ഞൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ കെ.കെ ബോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് വുഡ് ക്രാഫ്റ്റ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഏകദേശം ഒരു ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. തീപിടിച്ചതറിഞ്ഞ് കടുത്തുരുത്തി അഗ്‌നിശമന നിലയത്തിൽ നിന്ന് ഒരു യൂണിറ്റ് എത്തി തീയണച്ചു. സീനിയർ ഫയർ ഓഫീസർ വിനോദ്, ഫയർ ഓഫീസർമാരായ സിജിമോൻ, വിധീഷ്, വിഷ്ണുദാസ്, പ്രവീൺ, മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.