
വൈക്കം: രാത്രി സമയങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും വഴിനടക്കാൻ വൈക്കത്ത് വനിതാ കൂട്ടായ്മ. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ഡവലപ്മെന്റ് സൊസൈറ്റിയുടെയും വൈക്കം സഹൃദ വേദിയുടെയും നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മ രൂപംകൊണ്ടത്. കഴിഞ്ഞ രാത്രി 10.30ന് വനിതാകൂട്ടായ്മയുടെ രാത്രി നടത്തം തുടങ്ങി.
സൊസൈറ്റി പ്രസിഡന്റും മുൻ നഗരസഭാ ചെയർപേഴ്‌സണുമായ രേണുക രതീഷ് രാത്രി നടത്തം ഉദ്ഘാടനം ചെയ്തു. വലിയകവലയിൽ നിന്നും പുറപ്പെട്ട നടത്തത്തിൽ 100ലധികം വനിതകൾ പങ്കാളികളായി. ആടിയും പാടിയും കഥ പറഞ്ഞും വനിതകൾ കൂട്ടം കൂടി നഗരം ചുറ്റി. വനിതകൾക്ക് നേരേ വർദ്ധിച്ചുവരുന്ന അനീതികളെ അതിജീവിക്കുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കി ആത്മവിശ്വാസം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രസിഡന്റ് രേണുക രതീഷ്, വിവിധ വനിതാ സംഘടനാ ഭാരവാഹികളായ കനക ജയകുമാർ, ഉഷാ ജനാർദ്ധനൻ, ഷീബാ പ്രകാശം, സുഷമാ സുരേന്ദ്രൻ, ഷിമീഷ, സുനിതാ സന്തോഷ്, ഗിരിജാ ജോജി, സ്മിതാ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.