കുമരകം : കഴിഞ്ഞവർഷം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ നെഹ്‌റു ട്രോഫി നേടാൻ കുമരകം ടൗൺ ബോട്ട് ക്ലബ് ഇക്കൊല്ലം നടുഭാഗം ചുണ്ടനിൽ പുന്നമടയിൽ മത്സരിക്കും. നടുഭാഗം ചുണ്ടൻവള്ള സമിതിയും കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികളും തമ്മിൽ കരാറായി. കുമരകം സ്വദേശി സുനീഷ് നന്തികണ്ണന്തറയാണ് ടീം ക്യാപ്റ്റൻ. സി സി മോനപ്പൻ ലീഡിംഗ് ക്യാപ്റ്റൻ. വേമ്പനാട് ബോട്ട് ക്ലബ് കുമരകം ടൗണിൽ ലയിച്ചതോടെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ക്ലബ്ബ് പ്രസിഡന്റ് മിഥുൻ,​ ടീം കോർഡിനേറ്റർ അജയഘോഷ് എന്നിവർ പറഞ്ഞു. കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ്‌, നടുഭാഗം ചുണ്ടൻ ഫാൻസ്‌ എന്നിവരുടെ സഹകരണത്തോടെ ടീം മത്സരത്തിനിറങ്ങുന്നത്. കുമരകം ടൗണും നടുഭാഗവും ഒന്നിക്കുമ്പോൾ ഇത്തവണ കപ്പ് കുമരകത്തെത്തും എന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ .