
വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 29 മുതൽ ഏപ്രിൽ 10 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനം ക്ഷേത്രനടയിൽ എഴുത്തുകാരി അജിതാ ധർമ്മജൻ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, ജോ.സെക്രട്ടറി ബി.ആർ രാധാകൃഷ്ണൻ, കെ.ബാബു, അമ്മിണി ശശി എന്നിവർ പങ്കെടുത്തു.
ഉത്സവത്തിന്റെ സമാരംഭ ചടങ്ങായ കുലവാഴ പുറപ്പാട് 29ന് വൈകിട്ട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നിന്നും പുറപ്പെടും. തെക്കുപുറത്ത് കളമെഴുത്തുംപാട്ടും, വടക്കുപുറത്ത് വലിയ ഗുരുതിയും പ്രധാന ചടങ്ങുകളാണ്.
വിവിധ ദിവസങ്ങളിൽ കൈകൊട്ടിക്കളി, ഭജൻസ്, തിരുവാതിരകളി, ഫ്യൂഷൻ തിരുവാതിരകളി, ഭക്തിഗാനസുധ, വടക്കുപുറത്ത് ഗുരുതി പൂജ, നൃത്തനൃത്ത്യങ്ങൾ, താലപ്പൊലി, ഗാനമേള, നൃത്തസന്ധ്യ, സംഗീതസദസ്, മഹാപ്രസാദമൂട്ട്, ദേശചുറ്റുവിളക്ക്, വനിതാ ചിന്തുപാട്ട് എന്നിവ നടക്കും. ഏപ്രിൽ 10ന് മീനഭരണി ആഘോഷിക്കും. രാവിലെ കുംഭകുടം അഭിഷേകം, സംഗീതസദസ്, തത്വമസി ഭജൻസ്, കുംഭാഭിഷേകം, നൃത്തസന്ധ്യ, പ്രഭാഷണം, ശ്രീഭദ്രകാളിയുടെ 16 കരങ്ങളോടു കൂടിയ വലിയ കളം വരച്ച് തെക്കുപുറത്ത് കളമെഴുത്തും പാട്ടും, വിൽപാട്ട്, വലിയ കാണിക്ക എന്നിവ നടക്കും.