വൈക്കം: മൂത്തേടത്തുകാവിലമ്മയുടെ ഊരുവലം എഴുന്നള്ളിപ്പും എഴുന്നള്ളിപ്പിന്റെ ഭാഗമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂടിപ്പൂജയും നാളെ നടക്കും. മൂത്തേടത്തുകാവിലെ എട്ടാം ഉൽസവനാളിലാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂടിപ്പൂജ. ക്ഷേത്രത്തിന്റെ തെക്കെ ഗോപുര നടയിൽ വൈകിട്ട് 5.15 ന് ആചാര പ്രകാരം അരിയും പൂവും എറിഞ്ഞ് എതിരേറ്റ് കാവിലമ്മയെ മണ്ഡപത്തിലേക്ക് ആനയിക്കും. താന്ത്രിക വിധിപ്രകാരം വിശേഷാൽ പൂജകൾ നടത്തിയ ശേഷം ദീപാരാധനക്ക് മുൻപായി കാവിൽ ഭഗവതി തിരിച്ചെഴുന്നള്ളും. രാവിലെ 5.30 ന് മൂത്തേടത്ത് കാവിലമ്മയുടെ എഴുന്നള്ളത്ത് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്തെഴുന്നള്ളുന്ന ദേവിക്ക് 8.30 ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും 10 ന് വൈക്കം സമൂഹത്തിലും 11 ന് പവടയാർ സമൂഹത്തിലും രാത്രി 8 ന് ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും വരവേൽപ്പു നൽകും. രാത്രി 9 ന് എഴുന്നള്ളത്ത് തിരിച്ച് മൂത്തേടത്ത് കാവ് ക്ഷേത്രത്തിലെത്തും. 22 ന് രാവിലെ 10 നാണ് ഉൽസവബലി ദർശനം. 23 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. 29 ന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 15 ലധികം തന്ത്രിമാരുടെ കാർമ്മികത്വത്തിൽ ലക്ഷാർച്ചനയും 28 മുതൽ ഏപ്രിൽ 7 വരെ വിവിധ സംഘടനകളുടെ താലപ്പൊലിയും ഏപ്രിൽ 8 മുതൽ 13 വരെ വിവിധ എൻ.എസ്. എസ് കരയോഗങ്ങളുടെ എതിരേൽപ്പ് താലപ്പൊലിയും 13 ന് ഗരുഡൻ തൂക്കവും നടത്തും.
വിഷു ദിനമായ മേടം 1 ന് വിഷുക്കണി ദർശനം വിൽപ്പാട്ട്, തോറ്റംപാട്ട്,​ ഏരി തേങ്ങ സമർപ്പണം,​ വലിയ തീയാട്ട് തെക്കുപുറത്ത് വലിയ ഗുരുതി അരിയേറ് എന്നിവക്ക് ശേഷം നടയടക്കും. കാവിലമ്മ കണ്ണകി ദേവിയായി മധുരപുരിയിലേക്ക് പോകുന്നതായാണ് വിശ്വാസം.
മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് ദേവി തിരിച്ച് എഴുന്നള്ളുന്നതോടെ പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും.
ഇന്ന് രാവിലെ 7.30 ന് ശ്രീഭൂതബലി, വൈകിട്ട് 6.30 ന് പോളശ്ശേരിലമ്മ തിരുവാതിര സംഘത്തിന്റെ നാടൻ തിരുവാതിര, 7.30 ന് അയ്യർകുളങ്ങര തിരുവാതിര സംഘത്തിന്റെ തിരുവാതിര, 8 ന് പട്ടശ്ശേരി സൗപർണ്ണിക തിരുവാതിര സംഘത്തിന്റെ കോൽ തിരുവാതിര.
21 ന് രാവിലെ 7.30 ന് ശ്രീഭൂതബലി, വൈകിട്ട് 6.30 ന് പട്ടശ്ശേരി എൻ.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിര, 7 ന് വിനീത കരണിന്റെ ഭക്തിഗാനസുധ, 8.30 ന് വേദ ഗിരീഷിന്റെ ഭരതനാട്യം.