കുമരകം : കഞ്ചാവുമായി കുമരകത്ത് സ്വകാര്യ ബസ് ഡ്രൈവർ അടക്കം മൂന്നാളുകൾ പിടിയിൽ. കുമരകം പഞ്ചായത്ത് ബസ്ബേയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ കുമരകം പൊലീസ് നടത്തിയ പരിശോധനയിലാണ് കാർത്തികേയൻ എന്ന പേരുള്ള സർവീസ് ബസിൽ നിന്നും പ്രതികൾ പിടിയിലായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉല്ലല കാട്ടുശ്ശേരി വിമൽജിത്ത് (20), വെച്ചൂർ കോയിത്തറ ശ്രീരാജ് (31) , തണ്ണീർമുക്കം ചിറ്റേഴത്ത് വീട്ടിൽ അജയരാജ് (19) എന്നിവരാണ് പിടിയിലായത്. പരിശോധന നടത്തുന്ന സമയത്ത് രണ്ടാളുകൾ കഞ്ചാവ് വലിക്കുന്ന തിരക്കിലായിരുന്നു. പ്രതികൾക്കെതിരെ കേസ് എടുത്ത ശേഷം ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.
കുമരകത്തെ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവിടങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. കുമരകം കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ പഞ്ചായത്ത് ബസ്ബേ, ആറ്റാമംഗലം പള്ളിയ്ക്ക് സമീപം എന്നീ സ്റ്റാന്റുകളിൽ പാർക്ക് ചെയ്ത് ബസുകൾ സർവീസ് നടത്തുന്നതിനാൽ ഇവിടെ കൂടുതൽ സമയം പാർക്കു ചെയ്യേണ്ടി വരുന്നുണ്ട്. ഈ സമയങ്ങളിൽ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവിടങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ചില ബസുകളുടെ അമിത വേഗതയും, വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരോടുള്ള മോശമായ പെരുമാറ്റവും സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് പരാതി ഉയർന്നുവന്നിരുന്നതായും കുമരകം എസ്.ഐ അനീഷ് കുമാർ പറഞ്ഞു.