cherpunkal

ചേർപ്പുങ്കൽ: പുലിയന്നൂർ ബൈപാസിന്റെ അവസ്ഥ വരുമോ ചേർപ്പുങ്കൽ പാലത്തിനും...? ജീവൻ കയ്യിലെടുത്താണിവിടെ യാത്രക്കാരും കാൽനടയാത്രക്കാരുമൊക്കെ സഞ്ചരിക്കുന്നത്. ചേർപ്പുങ്കൽ പുതിയ പാലവും പഴയപാലവും അതിരിടുന്ന പള്ളിക്ക് മുന്നിലെ ജംഗ്ഷൻ അപകടമേഖലയായി മാറുകയാണ്. അധികാരികളാരെങ്കിലും അറിയുന്നുണ്ടോ ഇവിടുത്തെ അപകട ഭീഷണികൾ...?

വർഷങ്ങളുടെ കാത്തിരിപ്പിലൂടെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്ത ചേർപ്പുങ്കൽ പാലം മറ്റൊരു വലിയ അപകടമേഖലയായി മാറുകയാണെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

വലിയയൊരു അപകടം ഉണ്ടായതിനുശേഷം മാത്രം ഗതാഗതപരിഷ്‌കാരങ്ങൾക്ക് തിടുക്കം കൂട്ടുന്ന അധികാരികൾ ഇവിടെയും വലിയൊരു അപടകടത്തിന് കാത്തിരിക്കുകയാണോ എന്ന ഭീതിയിലാണ് നാട്ടുകാർ.

പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു കഴിയുമ്പോൾ പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിക്കുമെന്നായിരുന്നു പൊതുമരാമത്ത് അധികാരികൾ പറഞ്ഞിരുന്നത്. പാലം തുറന്നുകൊടുത്ത് ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ യാതൊരുനടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല.

ഇവിടെ ദിശാബോർഡുകൾ പോലും സ്ഥാപിക്കുവാൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ചേർപ്പുങ്കൽ പള്ളി ഭാഗത്തുനിന്നും ഒരേ സമയം പഴയപാലത്തിൽക്കൂടിയും പുതിയ പാലത്തിൽക്കൂടിയും പാലാ ഭാഗത്തേക്ക് വാഹനം ഓടുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. രണ്ടുപാലത്തിൽക്കൂടിയും പോകുന്ന വാഹനങ്ങൾ മറുഭാഗത്തെ അപ്രോച്ച് റോഡിൽ എത്തുമ്പോൾ തമ്മിൽ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പല വാഹനങ്ങൾ കൂട്ടിമുട്ടിയുള്ള അപകടങ്ങൾ നെല്ലിടയ്ക്കാണ് ഒഴിവായിപ്പോയത്. പുതിയ പാലത്തിൽ ചേർപ്പുങ്കൽ പള്ളി ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണം തികച്ചും അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചേർപ്പുങ്കൽ പള്ളിയിൽ നിന്നും മുത്തോലി കടവിൽനിന്നും വരുന്ന വാഹനങ്ങൾക്ക് പുതിയ പാലത്തിലേക്ക് പ്രവേശിക്കുക ഏറെ ദുഷ്‌കരമാണ്. ഈ ഭാഗത്തെ അപ്രോച്ച് റോഡ് വീതി കൂട്ടി നിർമ്മിക്കുകയും മുത്തോലി ഭാഗത്തേക്കുള്ള റോഡുഭാഗം ഉയർത്തി ടാറിംഗ് നടത്തുകയും ചെയ്‌തെങ്കിൽ മാത്രമേ എല്ലാ വശങ്ങളിൽനിന്നുമുള്ള വാഹനങ്ങൾക്ക് പുതിയ പാലത്തിലേക്ക് ചേർപ്പുങ്കൽ പള്ളിഭാഗത്തുനിന്നും എളുപ്പത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ.

അപ്രോച്ച് റോഡ് പുനർനിർമ്മിക്കണം: ജോസ്‌മോൻ മുണ്ടയ്ക്കൽ

അശാസ്ത്രീയമായ അപ്രോച്ച് റോഡ് പുനർനിർമ്മിക്കാതെ എല്ലാ വാഹനങ്ങളും പുതിയ പാലത്തിൽകൂടെ കടത്തിവിടുവാൻ സാധിക്കുകയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യങ്ങൾ മനസിലാക്കി അപ്രോച്ച് റോഡിന്റെ പോരായ്മകൾ പരിഹരിക്കുംവരെ പഴയ പാലത്തിൽക്കൂടിയും പുതിയ പാലത്തിൽക്കൂടിയുമായി വൺവേ സംവിധാനം ഏർപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ ആവശ്യപ്പെട്ടു.

അപകടങ്ങൾ ഒഴിവാകുന്നത് ഭാഗ്യംകൊണ്ട് മാത്രം

ചേർപ്പുങ്കൽ വാർഡിന്റെ മെമ്പറാണ് ഞാൻ. ദിവസവും പലതവണ ഇതുവഴി വരാറുണ്ട്. പലപ്പോഴും മിക്കവാഹനങ്ങളും നെല്ലിടയ്ക്ക് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നത് ഞാൻ നേരിട്ട് കാണാറുണ്ട്. അധികാരികൾ എത്രയുംവേഗം ഉണർന്ന് ഇവിടുത്തെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.

ബി. രാജേഷ്, കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്